വയോധികനെ വെട്ടിക്കൊന്നു; അയല്‍വാസി കസ്റ്റഡിയില്‍.

വാകത്താനം: മഴുവിനു വെട്ടേറ്റ് വയോധികനായ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു. വാകത്താനം പൊങ്ങന്താനം മുടിത്താനംകുന്ന് കരപ്പാറ വീട്ടില്‍ ഔസേപ്പ് ചാക്കോ (കുഞ്ഞുഞ്ഞ് -78)യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ കരിക്കണ്ടം മാത്തുക്കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാവിലെ എട്ടരയ്ക്കാണ് സംഭവം. നാളുകളായി കുഞ്ഞുഞ്ഞും ഭാര്യ ഏലിയാമ്മയും തനിച്ചാണ് താമസിക്കുന്നത്. ഇവരുടെ മക്കള്‍ ഡല്‍ഹിയിലും വിദേശത്തുമാണ്. രോഗിയായ ഏലിയാമ്മയെ പരിചരിച്ചിരുന്നതും ഭക്ഷണം ഉള്‍പ്പെടെയുള്ളവ ഉണ്ടാക്കി നല്‍കിയിരുന്നതും കുഞ്ഞൂഞ്ഞാണ്.

വെള്ളിയാഴ്ച രാവിലെ സമീപവാസി ഇവരുടെ വീട്ടിലേക്കുവരുമ്പോള്‍ കിണറിനു സമീപത്തായി കുഞ്ഞൂഞ്ഞിനെ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. സമീപത്തുനിന്ന് ഒരു മഴുവും കണ്ടെത്തി. തുടര്‍ന്ന് ഇയാള്‍ സമീപവാസികളെയും പോലീസിനെയും വിവരമറിയിച്ചു. നാളുകളായി കുഞ്ഞുഞ്ഞും മാത്തുക്കുട്ടിയും തമ്മില്‍ സ്ഥലത്തിന്റെ അതിര്‍ത്തിതര്‍ക്കം നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു. മാത്തുക്കുട്ടിയും ഭാര്യ പെണ്ണമ്മയും തനിച്ചാണ് താമസം.

ലോക്ഡൗണ്‍ ആയതിനാല്‍ സ്ഥലത്തേക്കു കൂടുതല്‍ ആളുകളെ പോലീസ് പ്രവേശിപ്പിക്കുന്നില്ല. വാകത്താനം എസ്എച്ച്ഒ കെ പി ടോംസണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി. കുഞ്ഞുഞ്ഞിന്റെ മക്കള്‍: ഷാജി (ഡല്‍ഹി), ഷാബു (യുകെ), ഷൈല (ഡല്‍ഹി).

Share
അഭിപ്രായം എഴുതാം