കൈയുറ നിര്‍മ്മാണ ശാലകള്‍ തുറക്കാനുള്ള അനുമതി : റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസം

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടെ കൈയുറ നിര്‍മ്മാണ ശാലകള്‍ തുറക്കാന്‍ കേന്ദ്ര ഗവണ്മെന്റ് അനുമതി നല്‍കിയത് റബര്‍ മേഖലയുമായി ബന്ധപ്പെട്ട് ഒന്നര ലക്ഷത്തോളം വന്‍കിട, ചെറുകിട റബര്‍ കര്‍ഷകരും , റബര്‍ വ്യവസായവുമായി ബന്ധപ്പെട്ട് രണ്ടു ലക്ഷത്തിലേറെ പേരുമുള്ള കോട്ടയം ജില്ലയ്ക്ക് ആശ്വാസമായി.
കൊവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ പരിശോധനയ്ക്കും സര്‍ജിക്കല്‍ ആവശ്യങ്ങള്‍ക്കും കൈയ്യുറകളുടെ പ്രാധാന്യം കണക്കിലെടുത്താണ് കേന്ദ്രം ഈ തീരുമാനം കൈക്കൊണ്ടിട്ടുള്ളത്.
കേരളത്തിലെ രണ്ടെണ്ണം ഉള്‍പ്പെടെ രാജ്യത്തു് 14 ഓളം കൈയ്യുറ നിര്‍മ്മാണ ഫാക്ടറികളാണുള്ളത് .

കൈയ്യുറ നിര്‍മ്മാണ ശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയതോടെ റബ്ബര്‍ വെട്ട് , റബര്‍ പാല്‍ ശേഖരിക്കല്‍ കേന്ദ്രങ്ങള്‍ തുറക്കല്‍ തുടങ്ങി ബാരല്‍ ലോഡിങ്, അണ്‍ ലോഡിങ് തുടങ്ങിയ അനുബന്ധ ജോലികളും നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് നടക്കുമെന്ന് റബര് ബോര്‍ഡ് വൃത്തങ്ങള്‍ പറഞ്ഞു.

രാജ്യത്തൊട്ടാകെ 3400 ലാറ്റക്‌സ് സംഭരണ കേന്ദ്രങ്ങളുള്ളതില്‍ 2400 എണ്ണവും കേരളത്തിലാണ്. ഓരോ കേന്ദ്രത്തിലും ഏകദേശം 80 കര്‍ഷകരാണ് ലാറ്റക്‌സ് നല്‍കിവരുന്നത്. കൈയ്യുറ വ്യവസായ മേഖല തുറന്നു കൊടുക്കുന്നത് പമ്പുകള്‍ , ടൂളുകള്‍ ,സ്‌പ്രേ കടകള്‍ എന്നീ മേഖലകള്‍ക്കും ആശ്വാസം പകരും.

തേയില , കാപ്പി, റബര്‍ , തോട്ടം മേഖലകളെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ അന്‍പതു ശതമാനം തൊഴിലാളികളോടെ പ്രവര്‍ത്തിക്കാനും കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. ഈ മേഖലകളിലെ ആയിരക്കണക്കിന് സംഘടിത , അസംഘടിത തൊഴിലാളികള്‍ക്ക് വലിയ സഹായമാകും. രാജ്യത്തു് 13 .2 ലക്ഷം ചെറുകിട പാല്‍ സംഭരണ കേന്ദ്രങ്ങളും 9 ലക്ഷത്തോളം റബര്‍ കര്‍ഷകരുമാണുള്ളത് . കേരളത്തില്‍ ഏകദേശം 7 ലക്ഷത്തോളം റബ്ബര്‍ കര്‍ഷകരും 10 ലക്ഷം ചെറുകിട പാല്‍ സംഭരണ കേന്ദ്രങ്ങളുമാണുള്ളത് .

Share
അഭിപ്രായം എഴുതാം