രാജ്യസഭാംഗമായി മാറിയതിന് ഗോഗോയിക്കെതിരെ കട്ജു

രഞ്ചന്‍ ഗോഗോയി, മാര്‍ക്കണ്ഡേയ കട്ജു

ന്യൂഡല്‍ഹി മാര്‍ച്ച് 18: രാജ്യസഭാംഗമായി മാറിയ മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയിയെ വിമര്‍ശിച്ച് മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ഇന്ത്യന്‍ ജുഡീഷ്യറി കണ്ടിട്ടുള്ള ഏറ്റവും നാണംകെട്ട ലൈംഗികവൈകൃതമുള്ള ആളാണെന്ന് കട്ജു വിമര്‍ശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് കട്ജുവിന്‍റെ വിമര്‍ശനം. ഇത്ര നികൃഷ്ടനായ ഒരാളാണ് ഇന്ത്യന്‍ പാര്‍ലമെന്‍റിനെ അലങ്കരിക്കാന്‍ പോകുന്നതെന്നും കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

’20 വര്‍ഷം അഭിഭാഷകനായും 20 വര്‍ഷം ജഡ്ജിയായും താന്‍ സേവനം അനുഷ്ഠിച്ചു. നല്ലവരെന്നും മോശം ആളുകളെന്നും പേരെടുത്ത ജഡ്ജിമാരെ അറിയാം. എന്നാല്‍ ഗോഗോയിയെപ്പോലെ ലൈംഗിത വൈകൃതമുള്ള ഒരാളെ ഇന്ത്യന്‍ ജുഡീഷ്യറിയില്‍ കണ്ടിട്ടില്ലെ’ന്നും കട്ജു കുറിച്ചു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരിക്കെ ലൈംഗികാരോപണം നേരിട്ടയാളാണ് രഞ്ചന്‍ ഗോഗോയി. കടുത്ത വിമര്‍ശനവും നേരിട്ടിരുന്നു.

മുന്‍ സഹപ്രവര്‍ത്തകരായ ജസ്റ്റിസ് മദന്‍ ബി ലോക്കൂറൂം ജസ്റ്റിസ് കുര്യന്‍ ജോസഫും രൂക്ഷപ്രതികരണവുമായി പരസ്യ വിമര്‍ശനം നടത്തുകയും ചെയ്തു.

സുപ്രീംകോടതിയില്‍ നിന്നും കഴിഞ്ഞ നവംബറില്‍ വിരമിച്ച ഗോഗോയിയെ രാഷ്ട്രപതി രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്തത് കഴിഞ്ഞ ദിവസമായിരുന്നു. ദീപക് മിശ്രയ്ക്ക് പിന്നാലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായ രഞ്ചന്‍ ഗോഗോയി നരേന്ദ്രമോദി സര്‍ക്കാര്‍ ആഗ്രഹിക്കുന്ന തരത്തില്‍ പല കേസുകളിലും വിധി പറഞ്ഞെന്ന ആക്ഷേപം നിലനില്‍ക്കേയാണ് രാജ്യസഭാംഗമാക്കിയുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം.

Share
അഭിപ്രായം എഴുതാം