നിരോധിത പ്ലാസ്റ്റിക് പരിശോധനയുമായി ഓപ്പറേഷന്‍ കെയര്‍: 5.2 ടണ്‍ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു

കൊല്ലം മാർച്ച് 11: നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ പിടിച്ചെടുക്കുന്നതിനായി ‘ഓപ്പറേഷന്‍ കെയര്‍’ ( CARE – കംബയിന്‍ഡ് അക്ഷന്‍ ടു റിജുവനേറ്റ് എണ്‍വയോണ്‍മെന്റ്) എന്ന പേരില്‍ ജില്ലയിലെ 68 ഗ്രാമപഞ്ചായത്തുകളിലും ഒരേ സമയം സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ ടീമുകള്‍ രൂപീകരിച്ച് പരിശോധന നടത്തി. ജില്ലയിലെ 3,637 വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 5.2 ടണ്‍ നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. വ്യപാര സ്ഥാപനങ്ങളില്‍ നിന്ന് 4,55,000 രൂപ പിഴ ഈടാക്കി. 441 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.  
219 ടീമുകളായി തിരിഞ്ഞ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, അസിസ്റ്റന്റ് ഡയറക്ടര്‍, ജില്ലാ ഓഫീസിലെ ഉദ്യോഗസ്ഥര്‍, പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗം ജീവനക്കാര്‍ എന്നിവരാണ് ഓപ്പറേഷന്‍ കെയറില്‍ പങ്കെടുത്തത്.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ നിര്‍ദ്ദേശാനുസരണം ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ രാവിലെ ഒന്‍പതു മണി മുതലാണ് പരിശോധന ആരംഭിച്ചത്. ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍  വ്യാപകമായി ഉപയോഗിക്കുന്നുവെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ്  സമഗ്രമായ പരിശോധന ആസൂത്രണം ചെയ്തത്. നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വിവരം സര്‍ക്കാര്‍ ഉത്തരവിലൂടെ വ്യക്തമാക്കിയിരുന്നുവെങ്കിലും പല സ്ഥലങ്ങളിലും ഇത്തരം പ്ലാസ്റ്റിക് ഉപയോഗിക്കുന്നതായി കണ്ടെത്തി.  

തുണി, പേപ്പര്‍ ക്യാരിബാഗുകളില്‍ യാതൊരുതരത്തിലുളള പ്ലാസ്റ്റിക് ആവരണങ്ങളും പാടില്ലാത്തതാണ്. എന്നാല്‍ പ്ലാസ്റ്റിക്ക് ആവരണമുള്ള ബാഗുകള്‍ കമ്പോസ്റ്റബിള്‍/ബയോ ഡിഗ്രേഡബിള്‍/100 ശതമാനം പ്ലാസ്റ്റിക് ഫ്രീ എന്ന് ലേബല്‍ ചെയ്ത് ക്യൂ ആര്‍ കോഡും രേഖപ്പെടുത്തി വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇത്തരത്തിലുളള കമ്പോസറ്റബിള്‍ ക്യാരിബാഗുകളും ഉപയോഗിക്കാന്‍ പാടില്ലാത്തതാണെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിരോധനം നിലവില്‍ വരുന്നതിന് മുമ്പ് വാങ്ങിയിട്ടുളള നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പല കടകളിലും സൂക്ഷിച്ചിട്ടുളളതായി പരിശോധനയില്‍ കണ്ടെത്തി. ഇവ അടിയന്തരമായി ഹരിതകര്‍മ്മ സേനയ്ക്ക് കൈമാറുന്നതിന് നിര്‍ദ്ദേശം നല്‍കി.  
പരിശോധനകള്‍ തുടരുമെന്നും നിരോധിത പ്ലാസ്റ്റിക്കുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ ഉയര്‍ന്ന പിഴ ഈടാക്കുന്നതുള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനുന്‍ വാഹിദ് അറിയിച്ചു.
പരിശോധനയ്ക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ അതത് പ്രദേശങ്ങളില്‍ നേതൃത്വം നല്‍കി.  പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ ബൈജു ജോസ്, ജില്ലാ ഓഫീസിലെ സീനിയര്‍/ജൂനിയര്‍ സൂപ്രണ്ടുമാര്‍, പെര്‍ഫോമന്‍സ് ഓഡിറ്റ് സൂപ്പര്‍വൈസര്‍മാരും  ജീവനക്കാരും പരിശോധനയില്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം