ജില്ലയില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം സജ്ജം

കോഴിക്കോട് മാർച്ച് 7: രോഗവ്യാപനം ഫലപ്രദമായി തടയുന്നതിന് ജില്ലയില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം സജ്ജമായി.  ജില്ലയിലെ രോഗനിയന്ത്രണ പ്രവത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് മൃഗസംരക്ഷണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ.വി.സുനില്‍കുമാറിനെ ചുമതലപ്പെടുത്തി.  ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍  ഡോ. കെ. സിന്ധുവിന്റെ നേതൃത്വത്തിലാണ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം പ്രവര്‍ത്തിക്കുക.  അഡീഷണല്‍ ഡയറക്ടര്‍ ഡോ.എം.കെ. പ്രദീപ് കുമാറിനെ  രോഗബാധയുടെ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള നോഡല്‍ ഓഫീസറായി നിയമിച്ചു.   പാലോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസസിലെ ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍   ഡോ.ആര്‍. ജയചന്ദ്രനെ ദിവസേനയുള്ള റിപ്പോര്‍ട്ടുകള്‍ സ്വീകരിക്കുന്നതിനും കേന്ദ്ര സക്കാരിലേക്ക് അയക്കുന്നതിനും ചുമതലപ്പെടുത്തി. സംസ്ഥാനത്തു ലഭ്യമായിട്ടുള്ള പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ (പിപിഇ) കിറ്റുകള്‍ കോഴിക്കോട് എത്തിക്കുന്നതിനും പുതുതായി 5000  കിറ്റുകള്‍ അടിയന്തിരമായി വാങ്ങുന്നതിനും സംസ്ഥാന ജന്തുരോഗനിയന്ത്രണ പദ്ധതിയുടെ പ്രോജക്ട് കോഡിനേറ്റര്‍ ഡോ സുഷമാകുമാരിയെ ചുമതലപ്പെടുത്തി.  

ഈ രോഗം ടൈപ്പ് എ ഇന്‍ഫ്‌ളുവന്‍സ ഗണത്തിലെ എച്ച്1/എച്ച്5 ഉപഗണത്തില്‍പെട്ട വൈറസ് മൂലമാണ് ഉണ്ടാകുന്നത്. ടര്‍ക്കി, കാട, ഗിനിക്കോഴി, ഓമനപ്പക്ഷികള്‍  തുടങ്ങി എല്ലാ ഇനത്തിലുള്ള പക്ഷികളെയും ബാധിക്കാമെങ്കിലും താറാവും കോഴിയും പോലെയുള്ള  വളര്‍ത്തു  പക്ഷികളിലാണ്  കൂടുതലായി കണ്ടുവരുന്നത്.  പക്ഷികളെ മാത്രം ബാധിക്കുന്നതും  അപൂര്‍വ്വമായി  മാത്രം മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുള്ളതുമായ പക്ഷിപ്പനി ഒരു രാജ്യത്തുനിന്നും ദൂരദേശത്തേക്കു പടരുന്നതില്‍  രോഗവാഹകരായ ദേശാടനപ്പക്ഷികള്‍ മുഖ്യ പങ്കുവഹിക്കുന്നു.  രോഗ ബാധയുള്ള പക്ഷികളുടെ കാഷ്ഠത്തില്‍  തണുത്ത കാലാവസ്ഥയില്‍ മാസങ്ങളോളം ജീവിക്കാന്‍ കഴിവുള്ള ഈ വൈറസ് 60 ഡിഗ്രി ചൂടില്‍ അരമണിക്കൂറില്‍ നശിച്ചുപോകുന്നു. സാധാരണ ഉപയോഗിച്ചുവരുന്ന ബ്ലീച്ചിങ് പൌഡര്‍, ഫോര്‍മാലിന്‍ തുടങ്ങിയ അണുനശീകരണ ലായനികള്‍ വഴിയും ഈ വൈറസിനെ നശിപ്പിക്കാവുന്നതാണ് .

Share
അഭിപ്രായം എഴുതാം