ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനുമെതിരായ വിലക്ക് പിന്‍വലിച്ചു

തിരുവനന്തപുരം മാര്‍ച്ച് 7: ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനുമെതിരായ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. ഏഷ്യാനെറ്റിനെതിരെ വെള്ളിയാഴ്ച രാത്രി ഏഴരക്ക് നിലവില്‍ വന്ന വിലക്ക് അര്‍ദ്ധരാത്രി ഒന്നരയോടെയാണ് നീക്കിയത്. മീഡിയ വണ്ണിന്റെ വിലക്ക് ഇന്ന് രാവിലെ ഒമ്പതരയോടെ നീക്കി. ഡല്‍ഹിയിലെ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രീതിയില്‍ 1994ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് നിയമത്തിന്റെ ലംഘനം ആരോപിച്ചായിരുന്നു ഇരു ചാനലുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയത്. 48 മണിക്കൂര്‍ നേരത്തേക്കായിരുന്നു വിലക്ക്.

ഇരുചാനലുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ വ്യാപക പ്രതിഷേധമാണ് രാഷ്ട്രീയ സാമൂഹിക മാധ്യമ മേഖലകളില്‍ നിന്നും ഉയര്‍ന്നുവന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഈ നടപടിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അപലപിച്ചു. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തെ ചെറുത്ത് തോല്‍പ്പിക്കണമെന്ന് കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനും അടിയന്തരാവസ്ഥയെ വെല്ലുന്നതാണെന്ന് നടപടിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതികരിച്ചു. സംഭവത്തില്‍ കേരള പത്ര പ്രവര്‍ത്തകയൂണിയനും കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.

Share
അഭിപ്രായം എഴുതാം