സംയോജിത പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കി എറണാകുളം ജില്ലാ പഞ്ചായത്ത് കരട് പദ്ധതിരേഖ

കാക്കനാട് മാർച്ച് 5: കാര്‍ഷിക മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിടുന്ന സംയോജിത പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കി എറണാകുളം ജില്ലാ പഞ്ചായത്ത് 2020-21 വര്‍ഷത്തെ കരട് പദ്ധതിരേഖ പ്രകാശനം ചെയ്തു. അടുത്ത സാമ്പത്തിക വര്‍ഷത്തെ പദ്ധതി രൂപീകരണത്തിനായുള്ള വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. കാര്‍ഷിക മേഖലയുടെ വികസനവും ജലക്ഷാമ പരിഹാരവും ലക്ഷ്യമിട്ടുള്ള സംയോജിത, സംയുക്ത പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. 

നെല്‍പ്പാടങ്ങളുടെ പുനരുദ്ധാരണം, പച്ചക്കറികൃഷി വ്യാപനം എന്നിവയ്ക്ക് പുറമേ തോടുകളുടെ നവീകരണത്തിനും സംരക്ഷണത്തിനുമായി ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളെ ഉള്‍പ്പെടുത്തിയുള്ള സംയുക്ത പദ്ധതികള്‍ക്ക് പുറമേ വിവിധ സര്‍ക്കാര്‍ വകുപ്പുകളെയും ഉള്‍പ്പെടുത്തിയുള്ള സംയോജിത പദ്ധതികളും നടപ്പാക്കാനാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നത്.  ആരോഗ്യ മേഖലയില്‍ നടപ്പാക്കുന്ന സംയോജിത ക്യാന്‍സര്‍ നിയന്ത്രണ പദ്ധതി തുടരുന്നതിനൊപ്പം പ്രമേഹരോഗികള്‍ക്ക് സഹായകമാകുന്ന പുതിയ പദ്ധതി ആവിഷ്‌കരിക്കും. താലൂക്ക് ആശുപത്രികളുടെ സേവനം ആവശ്യമായി വരുന്ന ഈ പദ്ധതിക്കായി വിവിധ മുന്‍സിപ്പാലിറ്റികളുടെ സഹകരണം ഉറപ്പാക്കും. വികസന സെമിനാറില്‍ ഉരുത്തിരിയുന്ന പുതിയ നിര്‍ദ്ദേശങ്ങള്‍കൂടി ഉള്‍ക്കൊള്ളിച്ചായിരിക്കും അന്തിമ പദ്ധതിരേഖയ്ക്ക് രൂപം നല്‍കുകയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. 

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. അബ്ദുള്‍ മുത്തലിബ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി അജി ഫ്രാന്‍സിസ് പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ സരള മോഹന്‍, ജില്ലാ പഞ്ചായത്ത് ഫിനാന്‍സ് ഓഫീസര്‍ ജോബി തോമസ് എന്നിവര്‍ പ്രസംഗിച്ചു. വികസന സെമിനാറില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ വകുപ്പുകളിലെ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം