തിരുപ്പൂരിലെ വാഹനാപകടം: മരിച്ച 19 പേരെയും തിരിച്ചറിഞ്ഞു

തിരുപ്പൂര്‍ ഫെബ്രുവരി 20: തമിഴ്നാട് അവിനാശിയില്‍ കെഎസ്ആര്‍ടിസി ഗരുഡ കിങ് ക്ലാസ് ബസ് കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് 19 പേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പൂണ്ടി, തിരുപ്പൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കോയമ്പത്തൂര്‍-സേലം ബൈപ്പാസില്‍ മുന്‍വശത്തെ ടയര്‍ പൊട്ടിയ കണ്ടെയ്നര്‍ ലോറി ഇടയ്ക്കുള്ള ഡിവൈഡര്‍ മറികടന്ന് വണ്‍വേയില്‍ പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന് നേരെ ഇടിച്ചുകയറുകയായിരുന്നു.

കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ പെരുമ്പാവൂര്‍ വലവനത്ത് വീട്ടില്‍ വി ഡി ഗിരീഷ് (43), കണ്ടക്ടര്‍ എറണാകുളം ആരക്കുന്നം വല്ലത്തില്‍ വി ആര്‍ ബൈജു (42), എറണാകുളം സ്വദേശി ഐശ്വര്യ, തൃശ്ശൂര്‍ അണ്ടത്തോട് കള്ളിവളപ്പില്‍ നസീഫ് മുഹമ്മദ് അലി (24), പാലക്കാട് ചീമാറ കൊണ്ടപ്പുറത്ത് കളത്തില്‍ രാഗേഷ് (35), പാലക്കാട് ശാന്തി കോളനി നയങ്കര വീട്ടില്‍ ജോണിന്‍റെ ഭാര്യ റോഷ്ന, തൃശ്ശൂര്‍ പുറനയുവളപ്പില്‍ ഹനീഷ് (25), എറണാകുളം അങ്കമാലി തുറവൂര്‍ സ്വദേശി കിടങ്ങേന്‍ ഷാജു-ഷൈനി ദമ്പതികളുടെ മകന്‍ ജിസ്മോന്‍ (24), പാലക്കാട് ഒറ്റപാലം ഉദയനിവാസില്‍ ശിവകുമാര്‍ (35), തൃശ്ശൂര്‍ ഒല്ലൂര്‍ അപ്പാടന്‍ വീട്ടില്‍ ഇഗ്നി റാഫേല്‍ (39), ഗോപിക ടി ജി (25) എറണാകുളം, എംസി മാത്യൂ (30) എറണാകുളം, ജോഫി പോള്‍ സി (30) തൃശ്ശൂര്‍, മാനസി മണികണ്ഠന്‍ (25) എറണാകുളം, അനു കെ വി (25) തൃശ്ശൂര്‍, ശിവശങ്കര്‍ (30) എറണാകുളം, ബിനു ബൈജു (17) എറണാകുളം, കിരണ്‍ കുമാര്‍ എം എസ് (33) കെ ഡി യേശുദാസ് (40) എന്നിവരാണ് മരിച്ചത്.

മരിച്ച കെഎസ്ആർടിസി ഡ്രൈവർ കം കണ്ടക്ടർമാരായ ബൈജു, ഗിരീഷ്

മരിച്ച ഇഗ്നി റാഫേൽ, സനൂപ് എൻ വി

മരിച്ച ഐശ്വര്യ, ഗോപിക

തൃശ്ശൂര്‍ കൈപ്പമംഗലം പുതിയവീട്ടില്‍ അഹ്മ്മദ് മകന്‍ അഖില്‍ (25), തടിയൂര്‍ പൊടിപ്പാറതില്‍ ഹൗസില്‍ ജോസ് വര്‍ഗ്ഗീസ് മകന്‍ ജെമിന്‍ ജോര്‍ജ്ജ് (26) പാലക്കാട് നെന്മാറ പെരുഞ്ഞാറപ്പിള്ളിയില്‍ ഹൗസില്‍ സേവ്യര്‍ മകന്‍ ജോര്‍ഡിന്‍ സേവ്യര്‍ (38), അഖില്‍ (25) തൃശ്ശൂര്‍, ജാസ്മിന്‍ ജോസ് തിരുവല്ല, പാലക്കാട് ശാന്തി കോളനി നൈന്‍ഹാര ഹൗസില്‍ സണ്ണിയുടെ ഭാര്യ സോന സണ്ണി (29), സേവ്യറുടെ മകന്‍ ജോര്‍ഡിന്‍ (35) പാലക്കാട്, പെരുമ്പള്ളി കണിയത്ത് ഹൗസില്‍ സ്റ്റീഫന്‍ മകന്‍ കമാന്‍സി (41), തൃശ്ശൂര്‍ ഇരിങ്ങാലക്കുടയില്‍ കോക്കാട്ട് ഹൗസില്‍ ബേബി മകന്‍ നിതിന്‍ ബേബി (28), രാഘവന്‍ മകന്‍ വിനത് (48) തൃശ്ശൂര്‍, തൃശ്ശൂര്‍ കുരിയച്ചിറ ചിറക്കേക്കാരന്‍ ഹൗസ് ഫ്രാന്‍സ് മകന്‍ ക്രിസ്റ്റോ (25), റാസിം (40), അരവിന്ദ് മലവാട് മകന്‍ മലവാട് (44) ബാഗ്ലൂര്‍, കൊച്ചി കല്‍പ്പേല ജംഗ്ഷന്‍ പ്രഭുവിന്‍റെ ഭാര്യ ദേവി കങ്ക (26), കോട്ടയം തിരുവാണിയൂര്‍ വിജയന്‍ മകന്‍ പ്രവിന്‍ (41), രാധകൃഷ്ണന്‍ മകന്‍ രാമചന്ദ്രന്‍ (34), ജോയ്സണ്‍ മകന്‍ ഇഗ്നേഷ്യസ് തോമസ് ബാംഗ്ലൂര്‍, തെങ്കാശി രാമര്‍ കോവില്‍ സ്ട്രീറ്റില്‍ കന്തസ്വാമി മകന്‍ മാരിയപ്പന്‍, രാമവര്‍മ്മ മകന്‍ മധുസൂദന വര്‍മ്മ (42) തൃശ്ശൂര്‍, മോഹന്‍ദാസ് മകന്‍ ജിജെന്‍ മോഹന്‍ദാസ് (35) തൃശ്ശൂര്‍, രാധാകൃഷ്ണന്‍ മകന്‍ രാമചന്ദ്രന്‍ (35), ലിയോണ്‍സണ്‍ മകന്‍ തോമസ് (19) ബാംഗ്ലൂര്‍, ഹരിദാസന്‍ മകള്‍ ശ്രീലക്ഷ്മി (25) തൃശ്ശൂര്‍ തുടങ്ങിയവരാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്.

പാലക്കാട്, തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍ നിന്നുള്ളവരാണ് ബസില്‍ ഉണ്ടായിരുന്നത്. രാവിലെ 7 മണിക്ക് കൊച്ചിയിലെത്തേണ്ട കെഎസ്ആര്‍ടിസി ബാംഗ്ലൂര്‍-എറണാകുളം ബസാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ 3.25നാണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന 48 യാത്രക്കാരില്‍ 42 പേരും മലയാളികളാണ്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ കേരള സര്‍ക്കാര്‍ 20 ആംബുലന്‍സ് തിരുപ്പൂരിലേക്ക് അയച്ചു. പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ പാലക്കാട് സ്വദേശി ഹേമരാജ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.

അപകടത്തിൽപെട്ട് തകർന്ന കെഎസ്ആർടിഎസ് ബസ്
അപകടത്തിൽപെട്ട് തകർന്ന കണ്ടെയ്നർ ലോറി

Share
അഭിപ്രായം എഴുതാം