ന്യൂഡല്‍ഹി ഫെബ്രുവരി 5: ശബരിമല ക്ഷേത്രത്തിലെ തിരുവാഭരണം ദൈവത്തിന് അര്‍പ്പിച്ചതെന്ന് സുപ്രീംകോടതി. രാജകുടുംബത്തിന് ഇനി അതില്‍ അവകാശമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. തിരുവാഭരണം ഏറ്റെടുക്കാന്‍ തയ്യാറെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. തിരുവാഭരണത്തിന്റെ ഉടമസ്ഥത ദൈവത്തിനാണോ രാജകുടുംബത്തിനാണോയെന്ന് വിശദമാക്കണമെന്ന് ജസ്റ്റിസ് എന്‍വി രമണ ആവശ്യപ്പെട്ടു.
ശബരിമല ക്ഷേത്രത്തിന്റെ ഭരണവുമായി ബന്ധപ്പെട്ട് പന്തളം രാജകുടുംബാഗം നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ ശബരിമല ഭരണത്തിന് മാത്രമായി പ്രത്യേക നിയമം നിര്‍മ്മിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. അതിനായി രണ്ട് മാസത്തെ സമയം നല്‍കിയിരുന്നു. തിരുവാഭരണങ്ങള്‍ ക്ഷേത്രത്തിന് കൈമാറാനോ പരിപാലനത്തിന് പ്രത്യേക ഓഫീസറെ നിയമിക്കാനോ വേണ്ടിയുള്ള നിര്‍ദ്ദേശം നടപ്പാക്കത്തത് എന്തുകൊണ്ടെന്ന് ദേവസ്വം ബോര്‍ഡിനോട് കോടതി ചോദിച്ചു. തിരുവാഭരണത്തിന്റെ കാര്യത്തില്‍ രാജ കുടുംബത്തിലെ രണ്ട് വിഭാഗങ്ങള്‍ അവകാശവാദം ഉന്നയിക്കുന്നത് ശരിയായ നടപടിയല്ലെന്ന് കോടതി വിമര്‍ശിച്ചു.