സ്വന്തം സ്ഥലത്തെ മണ്ണെടുപ്പ് ചോദ്യം ചെയ്ത ഭൂവുടമയെ ജെസിബി കൊണ്ട് അടിച്ചുകൊന്നു

കൊല്ലപ്പെട്ട സംഗീത്

തിരുവനന്തപുരം ജനുവരി 24: സ്വന്തം ഭൂമിയിലെ മണ്ണെടുപ്പ് ചോദ്യം ചെയ്ത ഭൂവുടമയെ മണ്ണുമാന്തി യന്ത്രം കൊണ്ട് അടിച്ചുകൊന്നു. തിരുവനന്തപുരം കാഞ്ഞിരംവിള കീഴാരൂരില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം. കാഞ്ഞിരംവിള ശ്രീമംഗലം വീട്ടില്‍ സംഗീതാണ് (36) കൊല്ലപ്പെട്ടത്.

അനുമതിയോടുകൂടി നേരത്തെ സംഗീതിന്റെ ഭൂമിയില്‍ നിന്ന് മണ്ണെടുത്തിരുന്നു. സംഘം വീണ്ടും അനുവാദമില്ലാതെ മണ്ണെടുക്കാന്‍ ശ്രമിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത്. മണ്ണ് എടുക്കുന്നതായി ഭാര്യ ഫോണില്‍ അറിയിച്ചതിനെ തുടര്‍ന്ന് കോഴിക്കട നടത്തുന്ന സംഗീത് രാത്രി 11 മണിയോടെ വീട്ടിലെത്തി. തുടര്‍ന്ന് തര്‍ക്കമായി. ജെസിബി ബക്കറ്റ് തട്ടി മതിലിന്റെ ഭാഗത്തേക്ക് വീണ സംഗീത് പിന്നാലെ വന്ന ടിപ്പറിനും മതിലിനും ഇടയില്‍ ഞെരുങ്ങി വാരിയെല്ല് പൊട്ടിയ അവസ്ഥയിലായി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.

കണ്ടാല്‍ അറിയാവുന്ന നാല് പേര്‍ക്കെതിരെ കേസെടുത്തു. പ്രതികളിലൊരാളായ സജു ഒളിവിലാണെന്നാണ് സംശയം. മണ്ണുമാന്തി യന്ത്രം പ്രവര്‍ത്തിപ്പിച്ച വിജിന്‍ പിന്നീട് കീഴടങ്ങി.

Share
അഭിപ്രായം എഴുതാം