കണ്ണൂര്‍ ജനുവരി 17: സംസ്ഥാനത്ത് പോലീസ് സ്റ്റേഷനുകളുടെ മുറ്റത്ത് തുരുമ്പെടുത്ത് നശിക്കുന്ന വാഹനങ്ങള്‍ നീക്കാന്‍ സര്‍ക്കാര്‍ നടപടി. കണ്ണൂരില്‍ മണല്‍ക്കടത്തിന് പിടികൂടിയ 400 വാഹനങ്ങള്‍ ഇതിനോടകം വിറ്റഴിച്ച് 1.3 കോടി രൂപയാണ് സര്‍ക്കാരിന് ലഭിച്ചത്. മാര്‍ച്ച് 30നകം മുഴുവന്‍ വാഹനങ്ങളും ലേലം ചെയ്ത് വില്‍ക്കും.
പോലീസ് സ്റ്റേഷന്‍ മുറ്റത്ത് കഴിഞ്ഞ 20 വര്‍ഷമായി കെട്ടിക്കിടക്കുന്ന ലോറികളടക്കമുള്ള വാഹനങ്ങള്‍ പരിശോധിച്ച് വിലയിട്ട് നടപടികള്‍ പൂര്‍ത്തിയാക്കി. വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള എംഎസ്ടിസി കമ്പനിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച് ഇ-ലേലം വഴിയാണ് വില്‍പ്പന. കണ്ണൂരില്‍ മാത്രം ഇത്തരത്തില്‍ 1200 വാഹനങ്ങളുണ്ട്. ജില്ലാ കളക്ടറും എസ്പിയും നല്‍കിയ പ്രത്യേക നിര്‍ദ്ദേശം പ്രകാരം സബ് കളക്ടര്‍ക്കാണ് ചുമതല.