ന്യൂഡല്‍ഹി ജനുവരി 10: ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരായി വിവിധ ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് കൈമാറണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം ഈ മാസം 22ന് പരിഗണിക്കും. പൗരത്വ നിയമഭേദഗതിയുടെ നിയമസാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ക്കൊപ്പം ഇതും പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരായി 60 ഓളം ഹര്‍ജികളാണ് നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. ഇതിനിടെയാണ് വിവിധ ഹൈക്കോടതികളിലുള്ള ഇതുമായി ബന്ധപ്പെട്ട ഹര്‍ജികളും സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്.