പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ നിര്‍മ്മാണത്തിനെതിരെ പ്രതിഷേധിച്ച് നാട്ടുകാര്‍

ഫയല്‍ ചിത്രം

കൊച്ചി ഡിസംബര്‍ 21: പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ നിര്‍മ്മാണത്തിനെതിരെ ശക്തമായി പ്രതിഷേധിച്ച് നാട്ടുകാര്‍. നിരോധനാജ്ഞ ലംഘിച്ച് സമരക്കാര്‍ നിര്‍മ്മാണസ്ഥലത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. സ്ത്രീകളും കുട്ടികളുമടക്കം 200ലധികം പേരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. നിരോധനാജ്ഞ ലംഘിച്ചാല്‍ നടപടിയുണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.

നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് രണ്ടര വര്‍ഷമായി മുടങ്ങിയ നിര്‍മ്മാണം കഴിഞ്ഞ തിങ്കളാഴ്ചയാണ് പുനരാരംഭിച്ചത്. തുടര്‍ന്ന് എളങ്കുന്നപ്പുഴ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ അനിശ്ചിതകാല സമരവും ടെര്‍മിനല്‍ വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ നടന്നിരുന്നു.

റോഡ് മാര്‍ഗ്ഗം എല്‍പിജി എത്തിക്കുന്നതിലുള്ള അപകടസാധ്യത മുന്‍നിര്‍ത്തിയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. എന്നാല്‍, ജനവാസ മേഖലയില്‍ പദ്ധതി വരുന്നതിനെതിരെ പ്രദേശവാസികള്‍ രംഗത്തെത്തി. പദ്ധതിയുടെ 45 ശതമാനം മാത്രമാണ് ഇതുവരെ പൂര്‍ത്തിയായത്. ഈ സാഹചര്യത്തില്‍ കനത്ത നഷ്ടമാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് ഉണ്ടായതെന്നാണ് വാദം. തുടര്‍ന്നാണ് പോലീസ് സുരക്ഷയില്‍ നിര്‍മ്മാണം തുടങ്ങാന്‍ തീരുമാനമായത്.

Share
അഭിപ്രായം എഴുതാം