ഉന്നാവിലെ യുവതിക്ക് സ്മാരകമുണ്ടാക്കാന്‍ യുപി സര്‍ക്കാര്‍: നിര്‍മ്മാണം തടഞ്ഞ് കുടുംബാംഗങ്ങള്‍

ലഖ്നൗ ഡിസംബര്‍ 10: ഉത്തര്‍പ്രദേശിലെ ഭട്ടിന്‍ഖേഡയില്‍ പ്രതികള്‍ തീകൊളുത്തി കൊലപ്പെടുത്തിയ യുവതിക്ക് സ്മാരകമുണ്ടാക്കാന്‍ യുപി സര്‍ക്കാര്‍. ഇതറിഞ്ഞെത്തിയ കുടുംബം നിര്‍മ്മാണം തടഞ്ഞു. “ആദ്യം നീതി തരൂ, എന്നിട്ടാകാം സ്മാരകമെന്ന്” യുവതിയുടെ സഹോദരി പറഞ്ഞു.

യുവതിയുടെ സംസ്ക്കാരചടങ്ങുകള്‍ നടന്ന ഭട്ടിന്‍ഖേഡയിലാണ് സ്മാരകം നിര്‍മ്മിക്കാനായി സര്‍ക്കാര്‍ തീരുമാനിച്ചത്. ബലാത്സംഗത്തിന്ശേഷം യുവതിയെ പ്രതികള്‍ തന്നെ തീകൊളുത്തി കൊലപ്പെടുത്തിയ തില്‍ രാജ്യത്ത് വന്‍ പ്രതിഷേധം നടക്കുകയാണ്.

ബിജെപി എംഎല്‍എയായിരുന്ന കുല്‍ദീപ് സെംഗാറിനെതിരെ ബലാത്സംഗകേസിന് പരാതി നല്‍കിയ യുവതിയെ ട്രക്കിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതും ഇതേ സ്ഥലത്താണ്. സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കുകയാണെന്ന ആരോപണം വ്യാപകമായ സാഹചര്യത്തിലാണ് ജനരോക്ഷം തണുപ്പിക്കാനുള്ള ശ്രമമെന്ന നിലയില്‍ സ്മാരകം പണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ബലാത്സംഗകേസ് വിചാരണ നടക്കുകയായിരുന്ന കോടതിയിലേക്ക് വ്യാഴാഴ്ച രാവിലെ പോവുകയായിരുന്ന യുവതിയെ കേസിലെ പ്രതികള്‍ പെട്രൊള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ആശുപത്രിയിലേക്ക് പോകുവഴിയും ഇവര്‍ക്ക് സ്വബോധമുണ്ടായിരുന്നു. തന്നെ ആക്രമിച്ച അഞ്ച് പേരെക്കുറിച്ചും യുവതി മജിസ്ട്രേറ്റിന് മൊഴി നല്‍കിയിട്ടുണ്ട്. യുവതിയെ ബലാത്സംഗം ചെയ്ത ശിവം ത്രിവേദി, ശുഭം ത്രിവേദി, അടക്കമുള്ള പ്രതികള്‍ ജാമ്യത്തിലിറങ്ങിയത് അഞ്ച് ദിവസം മുമ്പാണ്. അറസ്റ്റിലായ പ്രതികള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.

Share
അഭിപ്രായം എഴുതാം