നിര്‍ഭയ കേസ്: വധശിക്ഷ കാത്ത് പ്രതികള്‍

ന്യൂഡല്‍ഹി ഡിസംബര്‍ 9: നിര്‍ഭയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികളിലൊരാളുടെ ദയാഹര്‍ജി സംസ്ഥാന-കേന്ദ്ര സര്‍ക്കാറുകള്‍ എതിര്‍ത്ത സാഹചര്യത്തില്‍ ശിക്ഷ നടപ്പാക്കാന്‍ തിഹാര്‍ ജയില്‍ തയ്യാറെടുത്തു. വധശിക്ഷ നടപ്പാക്കാനായി ആരാച്ചാരെ ലഭിക്കാത്തതിനാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കാന്‍ ശ്രമിക്കുകയാണെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി.

നിര്‍ഭയ കേസില്‍ വധശിക്ഷ നടപ്പാക്കാന്‍ തിഹാര്‍ ജയിലില്‍ താല്‍ക്കാലിക ആരാച്ചാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ആക്ടിവിസ്റ്റ് രവികുമാര്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് കത്തെഴുതി. വധശിക്ഷ എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നും അങ്ങനെയെങ്കിലും പെണ്‍കുട്ടിയുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെയെന്നും രവികുമാര്‍ കത്തിലൂടെ വ്യക്തമാക്കി.

2012 ഡിസംബര്‍ 16ന് രാത്രിയിലാണ് പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്നത്. കേസിലെ ആറു പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടു. മറ്റൊരു പ്രതിയായ രാം സിംഗ് ജയിലില്‍ തൂങ്ങിമരിച്ചു. മറ്റ് നാല് പ്രതികളാണ് ഇപ്പോള്‍ ശിക്ഷ കാത്ത് തിഹാര്‍ ജയിലില്‍ കഴിയുന്നത്.

Share
അഭിപ്രായം എഴുതാം