ഹൈദരാബാദ് ഏറ്റുമുട്ടല്‍: ഹര്‍ജി പരിഗണിക്കുന്നത് ഡിസംബര്‍ 11ലേക്ക് മാറ്റി സുപ്രീംകോടതി

ന്യൂഡല്‍ഹി ഡിസംബര്‍ 9: ഹൈദരാബാദിലെ ദിശ കേസ് പ്രതികള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം വേണമെന്ന ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി ഡിസംബര്‍ 11ലേക്ക് മാറ്റി. കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ ജിഎസ് മണിയാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഡിസംബര്‍ 11ന് കേസ് പരിഗണിക്കാമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അറിയിച്ചു.

തെലങ്കാന സര്‍ക്കാര്‍ ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലകേസില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എട്ടംഗ സംഘത്തെയാണ് കേസ് അന്വേഷിക്കാനായി നിയോഗിച്ചിരിക്കുന്നത്. വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.

തെലങ്കാനയില്‍ യുവഡോക്ടറെ ബലാത്സംഗം ചെയ്ത് തീവെച്ച്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ നാല് പേര്‍ തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും തുടര്‍ന്നുണ്ടായ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടുമെന്നാണ് പോലീസ് വിശദീകരണം.

Share
അഭിപ്രായം എഴുതാം