ബഹുഭാര്യാത്വം, നിക്കാഹ് ഹലാല: ഹര്‍ജി ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി ഡിസംബര്‍ 2: ബഹുഭാര്യാത്വത്തിനും നിക്കാഹ് ഹലാലയ്ക്കും എതിരെയുള്ള ഹര്‍ജി ഉടനെ പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ. ബിജെപി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായാണ് ഇത് സംബന്ധിച്ച് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ശീതകാല അവധി കഴിഞ്ഞ് ജനുവരിയില്‍ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കും.

ഇന്ത്യന്‍ ഭരണഘടനയുടെ 14,15 അനുച്ഛേദങ്ങള്‍ പ്രകാരം ശരിഅത്ത് നിയമം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കേണ്ടതാണെന്നും ബഹുഭാര്യാത്വം ഇന്ത്യന്‍ ഭരണഘടനാ വിലക്കിയതാണെന്നും അശ്വിനി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ ശരിഅത്ത് നിയമപ്രകാരം നിയമവിധേയമായ ബഹുഭാര്യാത്വവും നിക്കാഹ് ഹലാലയും നിരോധിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. വിവാഹം, വിവാഹമോചനം, പാരമ്പര്യ സ്വത്ത് കൈമാറ്റം എന്നിവ പരിഗണിക്കാനുള്ള ശരി അത്ത് കോടതികള്‍ നിയമവിരുദ്ധമാക്കണമെന്നും ഇത്തരം കോടതികള്‍ നടത്തുന്ന സ്ഥാനപനങ്ങള്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഹര്‍ജിയിലുണ്ട്.

ഒരേ സമയം പുരുഷന് ഒന്നിലധികം ഭാര്യമാരുണ്ടാകാം എന്നതാണ് ബഹുഭാര്യാത്വം. വിവാഹമോചനം ചെയ്ത ഭാര്യയെ വീണ്ടും വിവാഹം ചെയ്യണമെങ്കില്‍ മറ്റൊരാള്‍ അവരെ വിവാഹം ചെയ്ത് മൊഴി ചൊല്ലിയിരിക്കണമെന്നതാണ് നിക്കാഹ് ഹലാല.

Share
അഭിപ്രായം എഴുതാം