കൊച്ചി നവംബര്‍ 27: കനകമല ഐഎസ് റിക്രൂട്ട്മെന്‍റ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികള്‍ക്കും കൊച്ചിയിലെ എന്‍ഐഎ കോടതി ശിക്ഷ വിധിച്ചു. കേസില്‍ ഒന്നാംപ്രതിയായ മന്‍സീദിന് 14 വര്‍ഷം തടവും പിഴയും രണ്ടാം പ്രതി സ്വാലിഹ് മുഹമ്മദിന് 10 വര്‍ഷം തടവും പിഴയും വിധിച്ചു. ഇരുവര്‍ക്കും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് കോടതി നിരീക്ഷിച്ചു. മൂന്നാം പ്രതി റാഷിദിന് ഏഴ് വര്‍ഷം തടവും പിഴയും, നാലാം പ്രതി എന്‍കെ റംഷാദിന് മൂന്ന് വര്‍ഷം തടവും, അഞ്ചാം പ്രതി സഫ്വാന് എട്ട് വര്‍ഷം തടവും, എട്ടാം പ്രതി മെയ്നുദ്ദീന് മൂന്ന് വര്‍ഷം തടവുമാണ് കോടതി വിധിച്ചത്.
പ്രതികളുടെ ഐഎസ് ബന്ധം പ്രോസിക്യൂഷന് സ്ഥാപിക്കാനായില്ലെങ്കിലും പ്രതികള്‍ തീവ്രവാദ പ്രചരണം നടത്തിയെന്നും യുഎപിഎയുടെ വിവിധ വകുപ്പുകള്‍ നിലനില്‍ക്കുന്നുമെന്നും കോടതി കണ്ടെത്തിയിരുന്നു. അറസ്റ്റിലായ എട്ടുപേര്‍ക്കെതിരെയും യുഎപിഎ ചുമത്തിയെങ്കിലും ആറുപേര്‍ക്കെതിരെ മാത്രമേ കുറ്റം തെളിയിക്കാനായുള്ളൂ.
കേരളത്തിലെത്തിയ സംഘം എറണാകുളം, കണ്ണൂര്‍, വടകര തുടങ്ങിയ സ്ഥലങ്ങളില്‍ സംഘം എത്തിയതായി വിവരം കിട്ടിയതിനെ തുടര്‍ന്നാണ് എന്‍ഐഎ സംഘം കനകമല കെട്ടിടം വളഞ്ഞത്. ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ണൂര്‍ ജില്ലയിലെ ചൊക്ലി പോലീസ് സ്റ്റേഷന്‍ പരിധിയിലെ കനകമലയില്‍ ഇവരെ കണ്ടെത്തിയത്.