ഷഹ്‌ലയുടെ മരണം: കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം നല്‍കണമെന്ന് ബാലാവകാശ കമ്മീഷന്‍

പാമ്പ് കടിയേറ്റ് മരിച്ച ഷഹ്‌ല ഷെറിൻ

വയനാട് നവംബര്‍ 23: വയനാട്ടില്‍ സ്കൂളില്‍ വെച്ച് പാമ്പുകടിയേറ്റ് മരിച്ച ഷഹ്‌ലയുടെ കുടുംബത്തിന് സര്‍ക്കാര്‍ അടിയന്തിരമായി 10 ലക്ഷം രൂപ നല്‍കണമെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷ്. ഈ തുക ആരോപണവിധേയരായ അധ്യപകരില്‍ നിന്നും ഡോക്ടറില്‍ നിന്നും ഈടാക്കണം. മരിച്ച ഷഹ്‌ല പഠിച്ചിരുന്ന സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂളില്‍ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സന്ദര്‍ശനം നടത്തി.

വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥും കൃഷിമന്ത്രി വിഎസ് സുനില്‍കുമാറും ഷഹ്‌ലയുടെ വീട് സന്ദര്‍ശിച്ചിരുന്നു. ഇത്തരമൊരു സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും രവീന്ദ്രനാഥ് പറഞ്ഞു. വയനാട്ടിലെ എല്ലാ സ്കൂളുകളും ഉടന്‍ പരിശോധിക്കാന്‍ ആവശ്യമായ നടപടിയെടുത്തെന്നും മന്ത്രി പറഞ്ഞു.

ഷഹ്‌ല മരിച്ച സംഭവത്തില്‍ പോലീസ് സ്വമേധയ കേസെടുത്തിട്ടുണ്ട്. പ്രിന്‍സിപ്പാള്‍, വൈസ് പ്രിന്‍സിപ്പാള്‍, അധ്യാപകന്‍ ഷിജില്‍, താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ എന്നിവരാണ് കുറ്റാരോപിതര്‍. സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.

Share
അഭിപ്രായം എഴുതാം