കേരളത്തിലെ ഏറ്റുമുട്ടല്‍മരണങ്ങളും സുപ്രീംകോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും

തിരുവനന്തപുരം, നവംമ്പര്‍-7:- ഇടതുസര്‍ക്കാര്‍ അധികാരത്തിലേറ്റ ശേഷം കേരളത്തില്‍ ഏഴു ഏറ്റുമുട്ടല്‍മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിലമ്പൂര്‍ കരുളായി മനമേഖലയില്‍ 2016 നവമ്പര്‍ 23-നാണ് മാവോവാദി കേന്ദ്രകമ്മറ്റിയംഗം കുപ്പുസ്വാമി എന്ന ദേവരാജനും അജിത പരമേശനും തണ്ടര്‍ബോള്‍ട്ട് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. 2013 മാര്‍ച്ച് എട്ടിന് മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ സി പി ജലീല്‍ വൈത്തിരി ഉപവന്‍ റിസോര്‍ട്ടില്‍ കൊല്ലപ്പെട്ടു. അട്ടപ്പാടി മഞ്ചക്കണ്ടിയില്‍ സുരേഷ്,കാര്‍ത്തിക്, ശ്രീമതി, മണിവാസകം എന്നിങ്ങനെ നാലുപേരാണ് ഈയിടെ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.

സുപ്രീംകോടതിയുടെ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നു കാണിച്ച്, വെടിയേറ്റു മരിച്ച രണ്ടുപേരുടെ ബന്ധുക്കള്‍ പാലക്കാട് സെഷന്‍സ് കോടതിയെ സമീപിച്ചിരിക്കുന്നു.
സെഷന്‍സ് കോടതി ഈ നാലുപേരുടേയും ശരീരങ്ങള്‍ ദഹിപ്പിക്കുന്നത് നവംബര്‍ 4ന് വരെ സ്റ്റേ ചെയ്തിരുന്നു. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ആയ കെ.പി ഇന്ദിരയാണ് ഇത്തരത്തില്‍ നവംബര്‍ 2 ന് പോസ്റ്റുമോര്‍ട്ടം നടന്നിട്ടും മാര്‍ഗ്ഗനിര്‍ദ്ദേശം പാലിച്ചുവോ അന്വേഷണത്തിനായി ദീര്‍ഘിപ്പിച്ചത്.
2014 ല്‍ മഹാരാഷ്ട്ര സര്‍ക്കാറിനെ എതിര്‍കക്ഷിയാക്കി കൊണ്ട് പ്യൂപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ്‌ സംഘടന കൊടുത്ത കേസിലാണ് പതിനാറ് മാനദണ്ഡങ്ങള്‍ സുപ്രീംകോടതി പുറപ്പെടുവിച്ചത്. കേസുകളുടെ ഫലപ്രദവും സ്വതന്ത്രവുമായ ഒരു അന്വേഷണം നടക്കുവാന്‍ ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉപയോഗപ്രദമാണ്. സുപ്രീംകോടതിയില്‍ ആര്‍ എം ലോധയും, ആര്‍ എഫ് നരിമാന്‍ എന്നിവരടങ്ങുന്ന രണ്ട് ജഡ്ജിമാരുടെ മുന്നിലാണ് ഈ കേസ് വാദം കേട്ടത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം “ജീവിക്കാനുള്ള അവകാശവും മനുഷ്യാന്തസ്സും” സംരക്ഷിക്കുന്നതിനുള്ള ഉറപ്പു നല്‍കുന്ന വകുപ്പുപ്രകാരമാണ് ഈ കേസ്. ഒരു സ്റ്റേറ്റിനും ഈ നിയമം പാലിക്കാതിരിക്കാന്‍ അവകാശമില്ലെന്നും ഇതില്‍ പറയുന്നു.

സുപ്രീംകോടതിയുടെ 16 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

  1. പെട്ടെന്ന് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്യണം അത് കോടതിയിലേക്ക് പെട്ടെന്നു തന്നെ അയയ്ക്കണം.
  2. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് സുപ്രീംകോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പിന്‍തുടര്‍ന്നിട്ടില്ല, എന്ന് സംശയമുണ്ടെങ്കില്‍ തീര്‍ച്ചയായും അവര്‍ക്ക് പരാതി കൊടുക്കാവുന്നതാണ്. ഇതാണ് ഈ ജഡ്ജ്മെന്‍റിന്‍റെ ഏറ്റവും വലിയ പ്രത്യേകത. സംഭവം നടന്ന പരിധിയിലുള്ള സെഷന്‍സ് കോടതിയില്‍ ഇത് ഫയല്‍ ചെയ്യാവുന്നതാണ്. സെഷന്‍സിന്‍റെ നിര്‍ദ്ദേശമനുസരിച്ചാണ് ബാക്കി നടപടികള്‍ ഉണ്ടാവുക.
  3. എന്‍കൗണ്ടര്‍ മരണങ്ങള്‍ നടന്നാല്‍ അതിലുള്‍പ്പെട്ട പോലീസ് ഓഫീസര്‍മാര്‍ക്ക് ഗുഡ്സര്‍വ്വീസ്എന്‍ട്രി പോലുള്ള അവാര്‍ഡുകള്‍ ഉടനെതന്നെ നല്‍കുവാന്‍ പാടില്ല. ഇതിലുള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വഴിവിട്ട പ്രമോഷനോ, അവാര്‍ഡുകളോ കൊടുക്കാന്‍ പാടില്ല. വളരെ ശ്രദ്ധാപൂര്‍വ്വം അന്വേഷിച്ചതിനുശേഷമേ കൊടുക്കാവൂ.
  4. ഇത്തരത്തിലുള്ള അക്രമമുണ്ടാവുന്ന സാഹചര്യം-അതെപ്പറ്റി അറിവുകിട്ടിയാല്‍, ഇന്‍റലിജന്‍സ് ഇന്‍ഫര്‍മേഷന്‍ കിട്ടിയാല്‍ തീര്‍ച്ചയായും അത് റെക്കോര്‍ഡ് ചെയ്തിരിക്കണം. ഇലക്ട്രോണിക് റെക്കോര്‍ഡിംഗും ചെയ്തിരിക്കണം. എഫ്.ഐ.ആര്‍, ഡയറി എന്‍ട്രീസ്, സ്കെച്ചസ് എന്നിവയെല്ലാം ഇതില്‍ ഉണ്ടായിരിക്കണം.
  5. ഇത്തരത്തിലുള്ള ഇന്‍ഫര്‍മേഷന്‍ പ്രകാരം ഒരു സംഘട്ടനം ഉണ്ടാവുകയാണെങ്കില്‍ (ഫയര്‍-മരണം) സ്വതന്ത്രമായ അന്വേഷണം ഉണ്ടാവണം. ആ സംഭവമുള്‍പ്പെടുന്ന പോലീസ് സ്റ്റേഷനിലെ അധികാരികളാവരുത് ആ അന്വേഷണം നടത്തുന്നത്. മറ്റേതെങ്കിലും സ്റ്റേഷനിലെ പോലീസ് ടീം ആയിരിക്കണം ഇന്‍വെസ്റ്റിഗേഷന്‍ നടത്തുന്നത്. ആ അന്വേഷണത്തിന്‍റെ ചുമതല സീനിയറായ ഒരു പോലീസുകാരനായിരിക്കണം. എന്‍കൗണ്ടര്‍ നടത്തിയ ഓഫീസറേക്കാള്‍ ഉയര്‍ന്ന പൊസിഷനിലുള്ള ഓഫീസറായിരിക്കണം അന്വേഷണസംഘത്തിന്‍റെ നേതൃത്വം.
  6. മരണമുണ്ടായിട്ടുണ്ടെങ്കില്‍ പെട്ടെന്നു തന്നെ പോസ്റ്റുമാര്‍ട്ടം നടത്തിയിരിക്കണം. രണ്ടു ഡോക്ടേഴ്സ് അടങ്ങിയ ടീം നിര്‍ബന്ധമാണ്. അതിലൊരാള്‍ ആ സ്ഥലത്തെ ജില്ലാ ആശുപത്രിയുടെ തലവനായിരിക്കണം. പോസ്റ്റുമോര്‍ട്ടത്തിന്‍റെ നടപടിക്രമങ്ങള്‍ പൂര്‍ണ്ണമായും വീഡിയോയില്‍ പകര്‍ത്തി സൂക്ഷിക്കണം.
  7. സംഭവം നടന്നുകഴിഞ്ഞാല്‍ അതിനോടനുബന്ധിച്ച സകലതെളിലുകളും എല്ലാ അവശിഷ്ടങ്ങളും അപ്പോള്‍ തന്നെ ശേഖരിച്ച്, കേസിന്‍റെ തുടരന്വേഷണത്തിനായും കൂടി സൂക്ഷിക്കേണ്ടതാണ്.
  8. സെക്ഷന്‍ 176 പ്രകാരമുള്ള “മജിസ്റ്റീരിയല്‍ എന്‍ക്വയറി” ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സെക്ഷന്‍ 190 കോഡ് പ്രകാരമുള്ള അന്വേഷണം ഇതിലുണ്ടായിരിക്കണം.
  9. സംസ്ഥാന ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷനും നാഷണല്‍ ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷനും ഇതിന്‍റെ സമ്പൂര്‍ണ്ണമായ റിപ്പോര്‍ട്ടിന്‍റെ കോപ്പി ഡി.ജി.പി അയച്ചുകൊടുത്തിരിക്കണം. എഫ്.ഐ.ആറിന്‍റെ കോപ്പി, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, അന്വേഷണ റിപ്പോര്‍ട്ട് എല്ലാംതന്നെ അയയ്ക്കുന്ന റിപ്പോര്‍ട്ടില്‍ ഉണ്ടായിരിക്കണം. പക്ഷേ, ഗൗരവമായ ഒരു പ്രശ്നമാണെന്ന് തോന്നുമ്പോള്‍ മാത്രമല്ല നാഷണല്‍ ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷന് ഇന്‍ഫര്‍മേഷന്‍ കൊടുക്കണമെന്ന് പറയുന്നത്. അത് ഓരോ ആറുമാസവും കൂടുമ്പോള്‍ ഇത്തരത്തിലുള്ള എന്‍കൗണ്ടറുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടു കൊടുക്കണം. എല്ലാവര്‍ഷവും യഥാക്രമം ജനുവരി 15നും, ജൂലൈ 15 നും ഉള്ളിലായിരിക്കണം ഈ റിപ്പോര്‍ട്ട് നല്‍കേണ്ടത്.
  10. മുറിവേറ്റവരുണ്ടെങ്കില്‍ അവര്‍ക്ക് മെഡിക്കല്‍ എയ്ഡ് കൊടുക്കണം.
  11. CRPC-യില്‍ പറയുന്നതനുസരിച്ചുള്ള കോമ്പന്‍സേഷന്‍ നടപടികളെടുത്തിരിക്കണം.
  12. സെക്ഷന്‍ 357-A പ്രകാരം തെറ്റായ ഒരു എന്‍കൗണ്ടറില്‍ മരിച്ചുപോയ ആളുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുവാനും അര്‍ഹതയുണ്ട്.
  13. എന്‍കൗണ്ടറില്‍ പങ്കെടുത്ത പോലീസ് ഓഫീസറെ സസ്പെന്‍ഷനില്‍ നിര്‍ത്തിയിട്ട് വേണം തെളിവുകളും, കിട്ടിയ മെറ്റീരിയല്‍ എവിഡന്‍സും വച്ച് ഒരു കൃത്യമായ അന്വേഷണത്തിനുശേഷം തീരുമാനത്തില്‍ എത്താന്‍.
  14. തോക്കുകളും മറ്റായുധങ്ങളും തന്‍റെ ബാലിസ്റ്റിക് വിദഗ്ദ്ധര്‍ക്കും ഫോറന്‍സിക് വിദഗ്ധര്‍ക്കും കൊടുത്തിരിക്കണം. ആയുധങ്ങളുടെ (തോക്കുകളും, വെടിയുണ്ടകളും മറ്റും) ഉപയോഗിച്ചവ കൃത്യമായി ടെസ്റ്റുകള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്.
  15. ഇവ പാലിച്ചില്ലെങ്കില്‍ സുപ്രീംകോടതിവിധിയുടെ ലംഘനമാണതെന്നും പറയുന്നു.
  16. ഈ കേസില്‍ മരിച്ചവരുടെ മരണകാരണം കൃത്യമായി കണ്ടെത്തേണ്ടതുണ്ട്. സ്വാഭാവിക മരണമാണോ, ആത്മഹത്യയാണോ, അപകടമരണമാണോ, ഏറ്റുമുട്ടലില്‍ മരിച്ചതാണോ എന്നിവ കൃത്യമായി കണ്ടെത്തേണ്ടിയിരിക്കുന്നു.
    സുപ്രീംകോടതിയുടെ ഈ വിധി കൃത്യമായി മരിച്ചവര്‍ക്കും മുറിവേറ്റവര്‍ക്കുമായി നീതി നടക്കുവാന്‍ ഭരണഘടനയുടെ 141-ാം ആര്‍ട്ടിക്കിള്‍ പ്രകാരം വിധിച്ചിട്ടുള്ളതാണ്.
    ജനസാമാന്യങ്ങള്‍ക്കിടയില്‍ അനാവശ്യമായ ഭീതിയും സംശയങ്ങളും വര്‍ദ്ധിച്ചുവരുന്നു എന്നത് സത്യമാണ്. ജനങ്ങളുടെ സ്വസ്ഥമായ ജീവിതം ഉറപ്പാക്കുന്ന ഏതൊരു ഗവണ്‍മെന്‍റും എത്രയും പെട്ടെന്ന് ഈ സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ നല്‍കേണ്ടത്, ഉത്തരവാദിത്വമുള്ള ഭരണകൂടത്തിന്‍റെ കടമയാണ്.

Share
അഭിപ്രായം എഴുതാം