മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗം ഇന്ന്

ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗം ഇന്ന് വൈകീട്ട് അഞ്ചു മണിക്ക്. മന്ത്രിമാരുടെ വകുപ്പുകള്‍ ഉടന്‍ പ്രഖ്യാപിക്കുമെങ്കിലും കേരളത്തില്‍ നിന്നുള്ള സുരേഷ് ഗോപിക്കും ജോര്‍ജ് കുര്യനും ഏതു വകുപ്പുകള്‍ ലഭിക്കും എന്ന കാര്യത്തില്‍ കേരളത്തിന്റെ ആകാംക്ഷ നിലനില്‍ക്കുകയാണ്.

തന്നെ സ്വതന്ത്രമായി പറക്കാന്‍ അനുവദിക്കുമെന്നാണ് കരുതുന്നത് എന്നായിരുന്നു സത്യപ്രതിജ്ഞക്കു ശേഷം സുരേഷ് ഗോപിയുടെ പ്രതികരണം. സഹമന്ത്രിസ്ഥാനം മാത്രം ലഭിച്ചതില്‍ സുരേഷ് ഗോപിക്ക് അതൃപ്തിയുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്.

പ്രതിരോധ മന്ത്രിയായി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രിയായി അമിത് ഷാ, വിദേശ കാര്യ മന്ത്രിയായി എസ് ജയശങ്കര്‍ എന്നിവര്‍ തുടര്‍ന്നേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള 72 അംഗങ്ങളാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ഇന്നു ചേരുന്ന ആദ്യ കേന്ദ്ര മന്ത്രി സഭ യോഗത്തില്‍ ചില സുപ്രധാന തീരുമാനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.
ജെ ഡി യു, ടി ഡി പി സഖ്യകക്ഷികള്‍ മുന്നോട്ടുവച്ച ചില ആവശ്യങ്ങളുടെ കാര്യത്തില്‍ സുപ്രധാന പ്രഖ്യാപനം നടത്തി ഘടകകക്ഷികള്‍ക്ക് മികച്ച പരിഗണന സര്‍ക്കാര്‍ നല്‍കുമെന്ന സന്ദേശം നല്‍കിയേക്കും സൂചനയുണ്ട്.

ആഭ്യന്തരം, ധനം, പ്രതിരോധം, വിദേശകാര്യം എന്നീ സുപ്രധാന നാല് വകുപ്പുകളും വിദ്യാഭ്യാസം സാംസ്‌കാരികം എന്നീ വകുപ്പുകളും ബി ജെ പി തന്നെ കൈവശം വക്കുമെന്നാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്. ടിഡി പി യും ജെ ഡി യുവും റെയില്‍വേക്ക് വേണ്ടി അവകാശവാദം ഉന്നയിച്ചെങ്കിലും വിട്ടു നല്‍കുന്നതില്‍ പാര്‍ട്ടിക്കു താല്‍പര്യമില്ല.

Share
അഭിപ്രായം എഴുതാം