ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷിച്ച്‌ യു.എസ്

വാഷിംഗ്ടണ്‍: ആണവ പോർമുന വഹിക്കാൻ ശേഷിയുള്ള ശബ്ദത്തേക്കാള്‍ വേഗത്തില്‍ കുതിക്കുന്ന ഹൈപ്പർസോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച്‌ യു.എസ്.മിനിറ്റ്മാൻ III ഇന്റർകോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈലാണ് യു.എസ് എയർഫോഴ്സിന്റെ നേതൃത്വത്തില്‍ പരീക്ഷിച്ചത്. പസഫിക് സമയം കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ 12.56ന് കാലിഫോർണിയയിലെ വാൻഡെൻബർഗ് സ്പേസ് ഫോഴ്സ് ബേസില്‍ നിന്നായിരുന്നു മിസൈല്‍ വിക്ഷേപണം. മണിക്കൂറില്‍ 15,000 മൈല്‍ വേഗത്തില്‍ 4,200 മൈല്‍ സഞ്ചരിച്ച മിനിറ്റ്മാൻ മാർഷല്‍ ഐലൻഡ്സിലെ ക്വാജലിൻ അറ്റോളിന് സമീപം പതിച്ചു. ഫെബ്രുവരിയില്‍ നടത്തേണ്ടിയിരുന്ന പരീക്ഷണം സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. 30 മിനിറ്റുകൊണ്ട് റഷ്യൻ തലസ്ഥാനമായ മോസ്കോയെ ആക്രമിക്കാൻ ശേഷിയുള്ളതാണ് മിനിറ്റ്മാൻ. നിലവില്‍ ഉത്തര കൊറിയ നിരന്തരം മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുന്ന പശ്ചാത്തലത്തില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കാനാണ് യു.എസിന്റെ ശ്രമം. എതിരാളിയായ റഷ്യ തങ്ങളുടെ ആണവായുധ ശേഖരം പരിഷ്കരിച്ചുകൊണ്ടിരിക്കുന്നതും യു.എസിന് വെല്ലുവിളിയാണ്.

Share
അഭിപ്രായം എഴുതാം