ഭരണം ഉറപ്പിക്കാൻ നി‍ർണായക നീക്കവുമായി ബിജെപി; ചന്ദ്രബാബു നായിഡുവിന് വമ്പൻ വാഗ്ദാനം, ഫോണിൽ വിളിച്ച് മോദി

എന്‍ഡിഎയെ ഞെട്ടിച്ച് ഇന്ത്യാ മുന്നണി അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയതോടെ മൂന്നാം വട്ടവും ഭരണം ഉറപ്പിക്കാനുള്ള നിര്‍ണായ നീക്കവുമായി ബിജെപി. ടിഡിപിയെ എന്‍ഡിഎയില്‍ തന്നെ നിര്‍ത്തുന്നതിനായി ചന്ദ്രബാബു നായിഡുവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഫോണില്‍ സംസാരിച്ചു.

എന്‍ഡിഎയില്‍ തന്നെ ഉറച്ച് നില്‍ക്കുമെന്നാണ് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു വ്യക്തമാക്കിയത്.

അതേസമയം, ടിഡ‍ിപിയുമായി ചര്‍ച്ച നടത്താനുള്ള നീക്കത്തിലാണ് ഇന്ത്യാ സഖ്യ നേതാക്കള്‍. നിതീഷ് കുമാറുമായും ഇന്ത്യാ സഖ്യം ചര്‍ച്ച നടത്തുന്നുണ്ട്. ഒരു ഭാഗത്ത് പ്രാദേശിക കക്ഷികളെ കൂടെ നിര്‍ത്തി ഭരണം പിടിച്ചെടുക്കാൻ ഇന്ത്യാ സഖ്യം നീക്കം നടത്തുമ്പോഴാണ് ഭരണതുടര്‍ച്ചയ്ക്കായി ബിജെപി ടിഡിപി ഉള്‍പ്പെടെയുള്ള എന്‍ഡിഎ സഖ്യകക്ഷികള്‍ വിട്ടുപോകാതിരിക്കാനുള്ള നീക്കങ്ങളും സജീവമാക്കിയത്.
ചന്ദ്രബാബു നായിഡുവിന്‍റെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കുമെന്നും മോദി അറിയിച്ചു. കൂടെ നിര്‍ത്തുന്നതിനായി എന്‍ഡിഎയുടെ കണ്‍വീനര്‍ സ്ഥാനം ഉള്‍പ്പെടെ ചന്ദ്രബാബു നായിഡുവിന് ബിജെപി വാഗ്ദാനം ചെയ്തതായാണ് വിവരം. ടിഡിപിയെ ഇന്ത്യാ സഖ്യത്തിന്‍റെ ഭാഗമാക്കാനുള്ള നീക്കം സജീവമായതോടെയാണ് ചന്ദ്രബാബു നായിഡു മറുകണ്ടം ചാടാതിരിക്കാൻ എന്‍ഡിഎ കണ്‍വീനര്‍ സ്ഥാനം അടക്കമുള്ള വലിയ വാഗ്ദാനങ്ങള്‍ ബിജെപി മുന്നോട്ടുവെച്ചിരിക്കുന്നത്.

ഉച്ചവരെയുള്ള കണക്കുകള്‍ പ്രകാരം 300 സീറ്റുകളിലാണ് എന്‍ഡിഎ മുന്നേറുന്നത്. ഇന്ത്യാ സഖ്യം 223 സീറ്റുകളിലും മുന്നേറുന്നുണ്ട്. ആന്ധ്രാ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി ചന്ദ്രബാബു നായിഡുവിന്‍റെ തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി) വൻതിരിച്ചുവരവാണ് നടത്തിയത്. ജഗൻ മോഹൻ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്യുമെന്ന് പ്രഖ്യാപിച്ച അതേദിവസം അധികാരമേറ്റ് മധുര പ്രതികാരം ചെയ്യാൻ ചന്ദ്രബാബു നായിഡു തീരുമാനിച്ചിട്ടുണ്ട്. ജൂണ്‍ 9ന് ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്യുമെന്ന് ടിഡിപി അറിയിച്ചു.ആന്ധ്രാപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ 175 സീറ്റുകളിൽ 149 സീറ്റുകളിലും ടിഡിപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യമാണ് ലീഡ് ചെയ്യുന്നത്. വൈഎസ്ആർ 25ൽ താഴെ സീറ്റുകളിലേ ലീഡ് ചെയ്യുന്നുള്ളൂ. പാർട്ടി ആസ്ഥാനത്ത് ടിഡിപി പ്രവർത്തകർ ആഘോഷങ്ങൾ ആരംഭിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം മെയ് 13നാണ് ആന്ധ്രാ പ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പും നടന്നത്.

അതേസമയം, മറുഭാഗത്ത് നിര്‍ണായക നീക്കങ്ങളുമായി കോണ്‍ഗ്രസും മുന്നോട്ടുപോവുകയാണ്. . നിലവിൽ ഇന്ത്യാ സഖ്യം 225 സീറ്റിലോളം മുന്നേറുന്ന സാഹചര്യത്തിൽ സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിക്കാൻ കോൺഗ്രസ് നീക്കം ആരംഭിച്ചു. ചന്ദ്രബാബു നായിഡുവിന്റെ ടി ഡി പി, നവീൻ പട്നായിക്കിന്റെ ബിജെഡി, ജഗൻമോഹൻ റഡ്ഡിയുടെ വൈ എസ് ആർ കോൺഗ്രസ് തുടങ്ങിയ കക്ഷികളുമായി കോൺഗ്രസ് സംസാരിക്കും.

നിതീഷ് കുമാറിന്റെ ജെഡിയുവിനെയും ഇന്ത്യാ മുന്നണിയിലേക്ക് അടുപ്പിക്കാൻ കോൺഗ്രസ് നീക്കം തുടങ്ങി. 225 സീറ്റുകളിലാണ് ഇന്ത്യാ മുന്നണി മുന്നിട്ട് നിൽക്കുന്നത്. 297 മണ്ഡലങ്ങളിൽ എൻഡിഎ മുന്നിട്ട് നിൽക്കുന്നു. കോൺഗ്രസിന് നിലവിൽ 97 സീറ്റുകളിലാണ് ലീഡുളളത്. അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടിയാണ് ഇന്ത്യാ മുന്നണിയിൽ കൂടുതൽ സീറ്റുകളിൽ മുന്നേറ്റം നടത്തുന്ന രണ്ടാമത്തെ പാർട്ടി.

നിലവിലെ സാഹചര്യത്തിൽ നിതീഷിന്റെ ജെഡിയുവും ചന്ദ്രബാബു നായിഡുവിന്‍റെ തെലുങ്കു ദേശം പാർട്ടിയും ഇന്ത്യാ മുന്നണിക്ക് ഒപ്പം നിന്നാൽ 30 സീറ്റുകൾ കൂടി ഇന്ത്യാ മുന്നണിയിലേക്ക് എത്തും. ജെഡിയു നേതാവ് നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ഒരു ആവശ്യം മമത ബാനർജി അടക്കം ചില സഖ്യകക്ഷികൾ മുന്നോട്ട് വെച്ചിട്ടുണ്ട്. അതല്ലെങ്കിൽ ഇന്ത്യാ മുന്നണിയുടെ കൺവീനർ സ്ഥാനം നിതീഷിന് നൽകി സർക്കാർ രൂപീകരണ ശ്രമം നടത്തണമെന്നാണ് ആവശ്യം. സഖ്യകക്ഷികളുടെ ആവശ്യം പരിഗണിച്ച് അത്തരത്തിലൊരു നീക്കം നടത്താൻ കോൺഗ്രസ് ശ്രമിക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.

400 സീറ്റെന്ന പ്രതീക്ഷയിലായിരുന്ന എൻഡിഎയ്ക്ക് വലിയ തിരിച്ചടിയാണ് ഇത്തവണ ഉണ്ടായത്. കോൺഗ്രസിന്റെ വോട്ട് ഷെയർ കഴിഞ്ഞവട്ടം 19 ശതമാനമായിരുന്നു. ഇത് ഇത്തവണ 24.84 ശതമാനമായി മാറി. അഞ്ച് ശതമാനം വോട്ട് വിഹിതം കൂട്ടാൻ കോൺഗ്രസിന് സാധിച്ചു. എന്നാൽ അതേ സമയം, ബിജെപിക്ക് വോട്ട് ഷെയറിൽ വലിയ മാറ്റമുണ്ടായിട്ടില്ല

Share
അഭിപ്രായം എഴുതാം