ഏറ്റുമുട്ടിയത് മോദിയും ജനങ്ങളും തമ്മിൽ; ബിജെപിയുടെ അഹങ്കാരത്തിനുള്ള തിരിച്ചടിയാണെന്ന് ഖാർഗെ

ലോക്‌സഭയിലെ തിരഞ്ഞെടുപ്പ് വിജയം ജനങ്ങളുടെ വിജയമാണെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ. ഏറ്റുമുട്ടിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജനങ്ങളുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

‘ആർക്കും ജനങ്ങൾ പൂർണ വിജയം നൽകിയില്ല. കോൺഗ്രസ് തിരഞ്ഞെടുപ്പ് നേരിട്ടത് പ്രതികൂല സാഹചര്യത്തിലാണ്. ജനങ്ങൾ മോദിയുടെ കള്ളങ്ങൾ തിരിച്ചറിഞ്ഞു. ബിജെപിയുടെ അഹങ്കാരത്തിനുള്ള തിരിച്ചടിയാണിത്. ഭരണഘടനയെ തകർക്കാൻ കഴിയില്ല. ഒരുമയുടെ വിജയമാണിത്. ബിജെപി മോദിക്കായി വോട്ട് ചോദിച്ചു. കോൺഗ്രസ് സാധാരണക്കാരുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി’, ഖാർഗെ പറഞ്ഞു. രാഹുലിന്റെ യാത്ര ജനം സ്വീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. വോട്ടെണ്ണലിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും.നടന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും എതിരായ പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇനിയും ഭരണഘടന സംരക്ഷിക്കാൻ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ സഖ്യ നേതാക്കൾക്കും വോട്ടർമാ‌ർക്കും രാഹുൽ നന്ദി അറിയിച്ചു. ‘പോരാട്ടം ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെയല്ല. തിരഞ്ഞെടുപ്പ് ഫലം മോദിക്കുളള വലിയ സന്ദേശം. കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കും. മോദി പോയപ്പോൾ അദാനിയും പോയി. അദാനിയുടെ സ്റ്റോക്ക് നോക്കൂ’, രാഹുൽ പറഞ്ഞു.

Share
അഭിപ്രായം എഴുതാം