‘ജനവിധി വിനയത്തോടെ അംഗീകരിക്കുന്നു, തൃശൂരില്‍ നിര്‍ണായക വിജയം’; രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് നേരിട്ടത് കടുത്ത മത്സരമാണെന്ന് കേന്ദ്ര മന്ത്രിയും എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ.ലോക്‌സഭാ തിരുവനന്തപുരം മണ്ഡലത്തില്‍ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കാനിരിക്കെ ശശി തരൂരാണ് ഇപ്പോള്‍ മുന്നില്‍. ഏകദേശം 15000 വോട്ടുകള്‍ക്കാണ് ശശി തരൂ‌ർ ലീഡ് ചെയ്യുന്നത്. പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ. ജനവിധി വിനയത്തോടെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

‘വോട്ട് വിഹിതം കൂട്ടാനായി പോസിറ്റീവ് പ്രചാരണമാണ് നടത്തിയത്. തിരുവനന്തപുരത്ത് തുടരും. നിർണായക വിജയമാണ് തൃശൂരില്‍ ഉണ്ടായത്. സുരേഷ് ഗോപി ജയിച്ചതില്‍ സന്തോഷമുണ്ട്. ദേശീയതലത്തില്‍ പ്രതീക്ഷയ്‌ക്കൊത്ത ജയം ഉണ്ടായില്ല. എന്താണെന്ന് പരിശോധിക്കും’, അദ്ദേഹം പറഞ്ഞു.

അതേസമയം, വോട്ടെണ്ണല്‍ തുടങ്ങി ആദ്യ മിനിറ്റ് മുതല്‍ തിരുവനന്തപുരത്ത് ലീഡ് നില മാറി മറിഞ്ഞു. നഗര മേഖലകളിലെ വോട്ട് എണ്ണിയപ്പോള്‍ രാജീവ് ചന്ദ്രശേഖറിന്റെ ഭൂരിപക്ഷം 25,000 കടന്നു. ഇതോടെ ബിജെപി ക്യാമ്ബില്‍ പ്രതീക്ഷയായി. ലീഡ് നില കുറഞ്ഞും കൂടിയും നിന്നപ്പോള്‍ ആശങ്കയും പ്രതീക്ഷയും ഒരുപോലെ മാറി മാറി നിഴലിച്ചു. എന്നാല്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ തീരദേശ മേഖലയിലെ വോട്ടെണ്ണിയപ്പോള്‍ തരൂര്‍ പടിപടിയായി ലീഡ് ഉയര്‍ത്തുകയായിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയെ കൈവിടുന്ന സ്വഭാവം മണ്ഡലം ഇത്തവണയും ആവര്‍ത്തിച്ചു. ഇത് മൂന്നാം തവണയാണ് മണ്ഡലത്തില്‍ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നത്. നിയമസഭാ മണ്ഡലങ്ങളില്‍ ഏഴില്‍ ആറിടത്തും ഇടത് എംഎല്‍എമാരുള്ള തിരുവനന്തപുരത്താണ് ഇത്തവണയും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. മറുവശത്ത് ബിജെപിയാകട്ടെ ഇത്തവണ വികസനമാണ് ചര്‍ച്ചയാക്കിയതെങ്കിലും ജയം പിടിച്ചെടുക്കാന്‍ കഴിഞ്ഞില്ല

Share
അഭിപ്രായം എഴുതാം