വിഴിഞ്ഞം സംഘർഷം; അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കും, ഡിജിപി അനിൽകാന്ത്

തൃശ്ശൂര്‍: വിഴിഞ്ഞം പോലിസ് സ്റ്റേഷന്‍ ആക്രമിക്കുകയും നാശനഷ്ടം വരുത്തുകയും പോലീസുകാരെ പരിക്കേല്‍പ്പിക്കുകയും ചെയ്തവരെ കൃത്യമായി കണ്ടെത്താൻ തെളിവുകൾ ശേഖരിക്കുന്നുവെന്ന് ഡിജിപി അനില്‍കാന്ത് അറിയിച്ചു. അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കും. ഗൂഢാലോചനയിലും അന്വേഷണം നടക്കുന്നു. തീവ്ര സ്വഭാവമുള്ള സംഘടനകളുടെ സാന്നിധ്യവും പരിശോധിക്കുമെന്ന് പോലീസ് മേധാവി പറഞ്ഞു.

വിഴിഞ്ഞം സംഘർഷത്തിൽ ബാഹ്യഇടപെടലുണ്ടോയെന്നതിൽ എൻഐഎ അന്വേഷണം തുടങ്ങിയിട്ടുണ്ട്. എൻഐഐ ഉദ്യോഗസ്ഥൻ വിഴിഞ്ഞം സ്റ്റേഷനിലെത്തി വിശദാംശങ്ങള്‍ തേടി. സംഘര്‍ഷത്തെക്കുറിച്ച് റിപ്പോര്‍ട്ടും പൊലീസിനോട് എൻഐഎ ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം തീവ്രവാദ ബന്ധമുള്ളതായി ഇപ്പോള്‍ വിവരമില്ലെന്ന് വിഴിഞ്ഞം സ്പെഷൽ ഓഫീസര്‍ ഡിഐജി ആര്‍ നിശാന്തിനി പറഞ്ഞു. വിഴിഞ്ഞം തുറമുഖ പദ്ധതി ഉടൻ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് പദ്ധതി പ്രദേശത്തേക്ക് ഹിന്ദു ഐക്യവേദി നടത്തിയ ബഹുജന മാർച്ചില്‍ പൊലീസ് കേസെടുത്തു. പൊലീസ് വിലക്ക് ലംഘിച്ചായിരുന്നു മാര്‍ച്ച്. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ഉള്‍പ്പെടെ കണ്ടാലറിയാവുന്ന എഴുന്നൂറുപേര്‍ക്കെതിരെയാണ് കേസ്. ഹൈക്കോടതി വിധി നടപ്പാക്കാൻ കഴിയാത്ത ഉദ്യോഗസ്ഥരെ ഉടൻ മാറ്റണമെന്ന് കെ.പി.ശശികല ആവശ്യപ്പെട്ടു.

Share
അഭിപ്രായം എഴുതാം