ഓട്ടം പോകാനുണ്ടെന്നുപറഞ്ഞു വിളിച്ചു വരുത്തി ഓട്ടോറിക്ഷ ഡ്രൈവറെ കുത്തിയ ശേഷം ഗൃഹനാഥന്‍ തുങ്ങി മരിച്ചു

കോട്ടയം: ഓട്ടം പോകാനുണ്ടെന്നുപറഞ്ഞു വിളിച്ചു വരുത്തി ഓട്ടോറിക്ഷ ഡ്രൈവറെ കുത്തിയ ശേഷം ഗൃഹനാഥന്‍ തുങ്ങി മരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12-ഓടെ കടുത്തുരുത്തി അറുനൂറ്റിമംഗലത്താണ് സംഭവം. അറുനൂറ്റിമംഗലം മുള്ളംമടയ്ക്കല്‍ ഷിബു ലൂക്കോസ്(48) ആണ് തൂങ്ങിമരിച്ചത്. അറുനൂറ്റിമംഗലം സ്റ്റാന്റിലെ ഓട്ടോറിക്ഷ ഡ്രൈവറായ കെ എസ്.പുരം വടക്കേകണ്ണംകരയത്ത് വി.എസ്.പ്രഭാതി(40) നാണ് കുത്തേറ്റത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ഉച്ചയ്ക്ക് 12-ഓടെ ടാപ്പിങ് തൊഴിലാളിയായ ഷിബു പ്രഭാതിനെ ഓട്ടം പോകാനായി വീട്ടിലേക്ക് വിളിച്ചു വരുത്തുകയും അവിടെവച്ച് കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു.

കുത്തേറ്റ പ്രഭാത് ഓട്ടോറിക്ഷയുമായി അവിടെ നിന്ന് രക്ഷപ്പെട്ടെങ്കിലും അറുനൂറ്റിമംഗലം മലകയറ്റ പള്ളിക്ക് സമീപമെത്തിയപ്പോള്‍ നിയന്ത്രണം വിട്ട് റോഡ് അരികിലെ മതിലിനും ഇലട്രിക് പോസ്റ്റിനുമിടയിലേക്ക് ഇടിച്ചു കയറി നിന്നു.

ഗുരുതരമായി പരിക്കേറ്റ പ്രഭാതിനെ കടുത്തുരുത്തി പോലീസ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രഭാത് വീട്ടില്‍ നിന്ന് പോയ ശേഷം ഷിബു വിടിനകത്ത് കയറി തൂങ്ങി മരിക്കുകയായിരുന്നു. ഷിബുവിന്റെ മൃതദേഹം വെള്ളൂര്‍ പോലീസ് എത്തി മുട്ടുചിറയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഷീബ. മക്കള്‍: ആഷ്ന,അലീന

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →