ആശുപത്രികളിൽ ഏപ്രിലിൽ ശസ്ത്രക്രിയ മുടങ്ങിയേക്കും ,​ സർജിക്കൽ ഉപകരണ വിതരണം നിറുത്താൻ സ്ഥാപനങ്ങൾ,​കുടിശിക നൽകണമെന്ന് ആവശ്യം

സംസ്ഥാനത്ത് മെഡിക്കൽ കോളേജ് ആശുപത്രികളിലടക്കം ശസ്ത്രക്രിയ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്കുള്ള 143 കോടിയുടെ കുടിശിക ഉടൻ വിതരണം ചെയ്തില്ലെങ്കിൽ ഏപ്രിൽ മുതൽ വിതരണം നിറുത്തുമെന്ന് മുന്നറിയിപ്പ്.

നാളെ ആശുപത്രി സൂപ്രണ്ടുമാരുമായി സ്ഥാപനങ്ങൾ നടത്തുന്ന ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ വിതരണം ഭാഗികമായി നിറുത്താനാണ് നീക്കം. അതോടെ ആശുപത്രികളിൽ ശസ്ത്രക്രിയകൾ മുടങ്ങും. മരുന്ന് ക്ഷാമത്തിൽ വലയുന്ന ആശുപത്രികളിൽ ശസ്ത്രക്രിയകൂടി മുടങ്ങിയാൽ രോഗികൾ കഷ്ടത്തിലാകും.
സ്റ്റെന്റ് ഉൾപ്പെടെയുള്ളവയുടെ വിതരണം തടസപ്പെട്ടാൽ ഹൃദയ ശസ്ത്രക്രിയയെ ബാധിക്കും. കാത്ത് ലാബിലേക്ക് വേണ്ട പേസ്‌‌മേക്കർ, ബലൂൺ, തുടങ്ങിയ ഉപകരണങ്ങൾക്കും ക്ഷാമമുണ്ടാകും. 2022 ഡിസംബർ മുതൽ കഴിഞ്ഞ ഫെബ്രുവരി വരെയുള്ള കുടിശികയാണ് നൽകാനുള്ളത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കുടിശിക മാത്രം 50 കോടി. 31നകം ഇത് നൽകിയില്ലെങ്കിൽ വിതരണം നിറുത്തുമെന്ന് കാട്ടി സർജിക്കൽ സ്ഥാപനങ്ങളുടെ വിതരണ കൂട്ടായ്‌മയായ ചേംബർ ഒഫ് ഡിസ്ട്രിബ്യൂട്ടേഴ്സ് ആശുപത്രി സൂപ്രണ്ടിന് കത്തുനൽകി.കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി 23.14 കോടിയും കോഴിക്കോട് ജനറൽ ആശുപത്രി 3.21 കോടിയും നൽകാനുണ്ട്.കുടിശിക കാരണം കഴിഞ്ഞ ആഗസ്റ്റിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർജിക്കൽ ഉപകരണങ്ങൾ നൽകുന്നത് സ്ഥാപനങ്ങൾ നിറുത്തിയതിനെ തുടർന്ന് ഹൃദയസംബന്ധമായ ശസ്ത്രക്രിയകൾ ഒരാഴ്ച മുടങ്ങിയിരുന്നു. രണ്ടുമാസത്തെ തുകയായ 6 കോടി നൽകിയാണ് അന്ന് പ്രശ്നം പരിഹരിച്ചത്.

നൽകാനുള്ള ഉയർന്ന കുടിശിക(തുക കോടിയിൽ

തിരു.മെഡി.കോളേജ്………………….. 50
കോട്ടയം മെഡി. കോളേജ്…………… 17.55
കോഴിക്കോട് മെഡി. കോളേജ്………23.14
എറണാകുളം ജന. ആശുപത്രി…… 10.97

Share
അഭിപ്രായം എഴുതാം