സിദ്ധാര്‍ഥന്റെ മരണം; പ്രതികള്‍ക്കെതിരേ ക്രിമിനില്‍ ഗൂഢാലോചനക്കുറ്റം ചുമത്തി പോലീസ്

കല്പറ്റ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികള്‍ക്കെതിരേ ക്രിമിനില്‍ ഗൂഢാലോചന കുറ്റം കൂടി ചേർത്തു.
വിട്ടിലേക്ക് പോയ സിദ്ധാർഥനെ തിരിച്ചുവിളിച്ചത് ചൂണ്ടിക്കാട്ടിയാണ് പോലീസ് ഗൂഢാലോചനക്കുറ്റം ചുമത്തിയത്. മർദനത്തിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചന നടന്നതായും പോലീസ് വ്യക്തമാക്കി.

നേരത്തെ പ്രതികള്‍ക്കെതിരെ കൊലപാതകശ്രമം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ ചുമത്താത്തതില്‍ പോലീസിനെതിരെ വിമർശനം ഉയർന്നിരുന്നു. സിദ്ധാർഥനെ ആള്‍ക്കൂട്ടവിചാരണ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് നാട്ടിലേക്ക് പോയിടത്തുനിന്ന് തിരിച്ചുവിളിച്ചതെന്ന് റിമാൻഡ് റിപ്പോർട്ടില്‍ പോലീസ് വ്യക്തമാക്കുന്നുണ്ട്.

പ്രാഥമികമായിത്തന്നെ ഇതില്‍ ഗൂഢാലോചന വ്യക്തമാണെങ്കിലും നേരത്തെ പോലീസ് പ്രതികളുടെപേരില്‍ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയിരുന്നില്ല. റാഗിങ് ശക്തമായ വകുപ്പാണെങ്കിലും കൊലപാതകശ്രമം ചുമത്താനുള്ള എല്ലാസാധ്യതകളും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍നിന്നുതന്നെ വ്യക്തമാണെന്ന് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടിയിരുന്നു.
ബി.വി.എസ്.സി. രണ്ടാംവർഷ വിദ്യാർഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാർഥ(21)നെ ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വാലെന്റൈൻസ് ഡേ ദിനാചരണവുമായി ബന്ധപ്പെട്ട് കോളേജിലുണ്ടായ തർക്കത്തെത്തുടർന്ന് കോളേജില്‍വെച്ച്‌ സിദ്ധാർഥന് ക്രൂരമർദനവും ആള്‍ക്കൂട്ട വിചാരണയും നേരിടേണ്ടിവന്നുവെന്നാണ് പരാതി.

Share
അഭിപ്രായം എഴുതാം