ഇന്ത്യ തിരയുന്ന ഭീകരരിൽ ഒരുവൻ അബോട്ടാബാദിൽ മരിച്ച നിലയിൽ; പടമായത് ഭാരതത്തിന്റെ കടുത്ത ശത്രു

ഇസ്‌ലാമാബാദ്: ഇന്ത്യ തിരയുന്ന ഒരു കുപ്രസിദ്ധ ഭീകരന്‍ കൂടി പാക്കിസ്ഥാനില്‍ മരിച്ച നിലയില്‍. കശ്മീരിലെ പുല്‍വാമ സ്വദേശിയായ ഷെയ്ഖ് ജമീല്‍ ഉര്‍ റഹ്‌മാനാണ് മരിച്ചത്. യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്റെ സെക്രട്ടറി ജനറലാണ് ഷെയ്ഖ് ജമീല്‍. 2022 ഒക്ടോബറില്‍ ഇയാളെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ അബോട്ടാബാദിലാണ് ശനിയാഴ്ച ഇയാളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭീകരസംഘടനയായ തെഹരീക് ഉല്‍ മുജാഹിദ്ദീന്റെ തലവന്‍ കൂടിയാണ് മരിച്ച ഷെയ്ഖ് ജമീല്‍ ഉര്‍ റഹ്‌മാന്‍. ഇയാളുടെ മരണകാരണംവ്യക്തമല്ലെന്ന് അധികൃതര്‍ അറിയിച്ചു. പാക്ക് രഹസ്യാന്വേഷണ സംഘടനയായ ഐഎസ്‌ഐയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഇയാള്‍, ജമ്മു കശ്മീരില്‍ നടന്ന വിവിധ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇന്ത്യ തിരയുകയായിരുന്ന ഇരുപതോളം ഭീകരരാണ് കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ വിവിധ രാജ്യങ്ങളിലായി കൊല്ലപ്പെട്ടത്. ഈ പട്ടികയിലെ അവസാന കണ്ണിയാണ് ഷെയ്ഖ് ജമീല്‍ ഉര്‍ റഹ്‌മാന്‍.

Share
അഭിപ്രായം എഴുതാം