നെടുംകുന്നത്തെ റോയല്‍ ഗ്രാനൈറ്റ്‌സില്‍ വൻ നികുതിവെട്ടിപ്പ്;പൊളിച്ചടുക്കി വിജിലൻസ്;രാവിലെ 5.45 ഓർക്കാപ്പുറത്ത് റെയ്‌ഡ്‌ ;റെയ്‌ഡിൽ പൊക്കിയത് ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ്

കോട്ടയം: നെടുംകുന്നത്തെ റോയല്‍ ഗ്രാനൈറ്റ്‌സില്‍ വൻ നികുതിവെട്ടിപ്പ് കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തില്‍ മിന്നല്‍ പരിശോധന നടത്തി വിജിലൻസ്.ക്രഷര്‍ ഉല്‍പന്നങ്ങള്‍ കൊണ്ടുപോകുമ്പോൾ വേണ്ട സര്‍ക്കാര്‍ പാസില്‍ തിരിമറി നടത്തിയാണ് വെട്ടിപ്പ് നടത്തിയത്. ക്രഷറുകളില്‍ നിന്നും പുറത്തേക്ക് പോകുന്ന ലോഡുകള്‍ക്ക് സര്‍ക്കാരിന്റെ കോമ്പസ് സംവിധാനം വഴിയുളള ജിയോളജി പാസ് ആവശ്യമാണ്.

എന്നാല്‍ ഇവിടെ ഭൂരിഭാഗം ലോഡുകളും ഈ പാസില്ലാതെയാണ് കൊണ്ടുപോയതെന്ന് കണ്ടെത്തി. പാസ് ഉളള ലോഡിലെ ഒരു മെട്രിക് ടണ്ണിന് 48 രൂപ സര്‍ക്കാരിന് റോയറ്റിയും 50 രൂപ താലൂക്കിലും നല്‍കണം. ഇത് ഒഴിവാക്കാനാണ് തിരിമറി നടത്തിയത്.

ഇന്ന് രാവിലെ മുതല്‍ പുറത്തേക്ക് അയച്ചത് 72 ലോഡാണെന്ന് സ്ഥലത്ത് രഹസ്യ നിരീക്ഷണം നടത്തി കണ്ടെത്തി. ഇതില്‍ മൂന്നിന് മാത്രമാണ് പാസുണ്ടായിരുന്നത്. ഇതിലൂടെ മാത്രം ഒറ്റ ദിവസം 3 ലക്ഷത്തിൻ്റെ തട്ടിപ്പാണ് നടന്നത്. ജനുവരി 1 മുതലുളള കണക്കുകള്‍ പരിശോധിച്ചപ്പോള്‍ 2728 വാഹനങ്ങള്‍ക്ക് ജിഎസ്ടി ബില്‍ അടിച്ചതായി കണ്ടെത്തി. ഇതില്‍ 220 ലോഡിന് മാത്രമാണ് പാസുണ്ടായിരുന്നത്. ഇതിലൂടെ 58 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തല്‍.

കോട്ടയം ജില്ലയിലെ ചുമതലയുള്ള ജിയോളജിസ്റ്റിനെയും അസിസ്റ്റന്റ് ജിയോളജിസ്റ്റിനെയും അറിയിക്കാതെ ആയിരുന്നു പരിശോധന. ക്രമക്കേട് വ്യക്തമായതിന് പിന്നാലെ ഇവരെ വിളിച്ചുവരുത്തി വിജിലന്‍സ് വിശദീകരണം തേടി. വാഹനങ്ങള്‍ക്ക് പാസ് അനുവദിക്കുന്നത് ജിയോളജിസ്റ്റാണ്. അതിനാല്‍ ഇവരുടെ അറിവില്ലാതെ ഇത്ര വലിയ തട്ടിപ്പ് നടക്കില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണം ചോദിച്ചത്. സ്ഥാപനത്തിലെ സ്റ്റോക്കിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. രേഖകളില്‍ കാണിച്ചിരിക്കുന്നതിലും കൂടുതല്‍ സ്‌റ്റോക്കാണ് സ്ഥാപനത്തിലുണ്ടായിരുന്നത്.

വിജിലന്‍സ് എസ്പി വി.ജി.വിനോദ് കുമാറിന്റെ മേല്‍നോട്ടത്തില്‍ സിഐ മഹേഷ് പിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് ക്രമക്കേട് കണ്ടെത്തിയത്. സ്ഥാപനത്തിന്റെ കഴിഞ്ഞ 6 മാസത്തെ ഇടപാടുകള്‍ സംബന്ധിച്ച പരിശോധന വിജിലന്‍സ് ആരംഭിച്ചിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം