മുടി ചവിട്ടിപ്പിടിച്ചശേഷം പൊലീസുകാർ എല്ലാ ശക്തിയുമുപയോഗിച്ച് മുകളിലേക്കും വശങ്ങളിലേക്കും പിടിച്ചുവലിച്ചു, എല്ല് നുറുങ്ങുന്ന വേദന

കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന യൂത്ത് കോൺഗ്രസ് സമരത്തിൽ പൊലീസിന്റെ കൊടിയ മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് അഴീക്കോട് മണ്ഡലം സെക്രട്ടറിയും വീട്ടമ്മയുമായ റിയാ നാരായണൻ കണ്ണൂർ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രി കിടക്കയിൽ വച്ച് റിയ കേരളകൗമുദിയോടു സംസാരിച്ചു.

?എന്താണ് സംഭവിച്ചത്

ആലോചിക്കുമ്പോൾ എനിക്കിപ്പോഴും നടുക്കം വിട്ടുമാറുന്നില്ല. നിലത്തു വീണ എന്നെ നോക്കി ”നിന്റെ ജീവിതം തീർന്നു”” എന്നു പറഞ്ഞ് പൊലീസ് അലറി. ‘അപ്പോൾ മറ്റൊരു രക്ഷയുമില്ലാതെ വാഹനത്തിലേക്ക് കയറാൻ തയ്യാറാണെന്ന് അറിയിച്ചപ്പോൾ വേണ്ട, നീ കയറണ്ട നിന്നെ ഞങ്ങൾകയറ്റിക്കോളാം എന്നു പറഞ്ഞ് മുടി ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടിപ്പിടിച്ച ശേഷം ഒന്നിലധികം പൊലീസുകാർ എല്ലാ ശക്തിയുമുപയോഗിച്ച് മുകളിലേക്കും വശങ്ങളിലേക്കും പിടിച്ചു വലിച്ചു. എല്ലു നുറുങ്ങുന്ന വേദനയാണ് അനുഭവിച്ചത്. അതിനിടെ വസ്ത്രങ്ങൾ വലിച്ചു കീറി. തെരുവിൽ വസ്ത്രം കീറിയ ഭാഗത്തെ ശരീരം കൈകൊണ്ട് മറച്ചു പിടിക്കാൻ ഏറെ ബുദ്ധിമുട്ടി. ശരീരവും മനസും മരവിച്ച അവസ്ഥയിലാണിപ്പോഴും.

?​ആരാണ് മുടിയിൽ ചവുട്ടിയത്

എന്റെ മുടിയിൽ ചവിട്ടിയത് ഒരു പുരുഷ പൊലീസായിരുന്നു. എന്നിട്ട് അവരെന്നെ ഒരു വശത്തേക്ക് വലിച്ചു. മുടിയിൽ നിന്ന് കാലെടുക്കൂ എന്ന് പലതവണ കരഞ്ഞു പറഞ്ഞിട്ടും കേട്ടതായി ഭാവിച്ചില്ല. രണ്ട് പൊലീസുകാരികൾ കയ്യിൽ ബലമായി പിടിച്ചു. ഒരാൾ ബൂട്ടിട്ട കാലുകൊണ്ട് എന്റെ ഇടുപ്പിനു മുകളിലായി ആഞ്ഞാഞ്ഞ് ചവിട്ടി. ആ സമയത്ത് തീവ്രവേദന കലർന്ന ഒരു മരവിപ്പാണ് അനുഭവപ്പെട്ടത്. എന്നോടെന്നല്ല ആരോടും ഇങ്ങനെ ചെയ്യരുത്.

?​സമരക്കാരുടെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായില്ലേ

സമരക്കാരെ പ്രകോപനത്തിലേക്ക് പോകാതെ നിയന്ത്രിക്കാനും നേതാക്കളെ അറസ്റ്റ് ചെയ്യാനുമുള്ള നീക്കമല്ല പൊലീസ് നടത്തിയത്. യൂണിഫോമിൽ നിന്നു നെയിം ബോർഡുകൾ നീക്കം ചെയ്താണ് പല പൊലീസുകാരുമെത്തിയിരുന്നത്. ഉദ്ഘാടന സമയത്ത് തന്നെ പൊലീസുകാർ പലതും പറഞ്ഞ് പ്രവർത്തകരെ പ്രകോപിപ്പിക്കാൻ തുടങ്ങി. അവർ അപ്പോൾ പൊലീസുകാരെപോലെയല്ല, ഇടത് രാഷ്ട്രീയക്കാരെപ്പോലെയായിരുന്നു പെരുമാറിയിരുന്നത്. തല, കഴുത്ത്, നെഞ്ച് തുടങ്ങിയ സ്ഥലങ്ങളിൽ ലാത്തികൊണ്ട് അടിക്കാനാണ് ശ്രമിച്ചത്.

?​ഇനി എന്താണ് പരിപാടി

ഞങ്ങൾ ക്രിമനലുകളല്ല. ഇനിയും രാഷ്ട്രീയ പ്രവർത്തന രംഗത്തുണ്ടാകും. സമരത്തിനുമിറങ്ങും. പേടിപ്പിച്ച് ഇല്ലാതാക്കാമെന്ന് കരുതേണ്ട. പൊലീസ് മർദ്ദനത്തിനെതിരേ പരാതി നൽകും. നീതികിട്ടിയില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കും. എന്തിനാണ് സമരത്തെ സർക്കാർ പേടിക്കുന്നത്. സമരക്കാർക്കും ചില അവകാശങ്ങളൊക്കെയുണ്ടെന്ന് പിണറായിക്കും പൊലീസ് കിങ്കരന്മാർക്കും അറിയില്ലേ…?

Share
അഭിപ്രായം എഴുതാം