ചാക്കോച്ചി ഗരുഡനായി പാലായിൽ പറന്നിറങ്ങി ; ലേലം വിജയിച്ചതും;ഗരുഡൻ വിജയിച്ചതും എന്റെ കുരിശുപള്ളിമാതാവിന്റെ കൃപയെന്ന് സുരേഷ് ഗോപി

എന്റെ കുരിശുപള്ളി മാതാവേ അപ്പച്ചൻ ഇതറിഞ്ഞോ സുരേഷ് ഗോപിയുടെ ഉറ്റ ചങ്ങാതിയായ ബിജു പുളിക്കക്കണ്ടം ഈ ഡയലോഗ് പറഞ്ഞു തീർന്നതും ലേലം സിനിമയുടെ ലൊക്കേഷനിലാകെ നിറഞ്ഞ കൈയ്യടി.കൈയ്യടിയെന്നു പറഞ്ഞാൽ എഴുത്തുകാരൻ രഞ്ജി പണിക്കരും;സംവിധായകൻ ജോഷിയും വരെ ആ കൈയ്യടിയിൽ പങ്ക് ചേർന്നപ്പോൾ തന്റെ നിർദ്ദേശം മലയാള സിനിമയിലെ തലയെടുപ്പുള്ളവർ അംഗീകരിച്ചതിന്റെ കൃതാർത്ഥതയിലായിരുന്നു അന്നത്തെ 23 വയസുകാരനായ ബിജു പുളിക്കക്കണ്ടം.ഇന്ന് വയസ് 51 ആയെങ്കിലും ഇന്നലെ കഴിഞ്ഞപോലെയാണി ആ സംഭവത്തെ ബിജു ഇപ്പോഴും കാണുന്നത് .

28 വർഷം മുമ്പ് ലേലം സിനിമയുടെ ഷൂട്ടിങ് എറണാകുളം നെറ്റോസ് ബംഗ്ളാവിൽ നടക്കുന്ന സമയം സുരേഷ് ഗോപിയോടൊപ്പം ബിജുവും അവിടെ ഉണ്ടായിരുന്നു.തിരക്കഥാകൃത്തായ രഞ്ജി പണിക്കരുടെ ‘അമ്മ വീട്’ പാലായിലാണ് ;സിനിമ താല്പര്യമുള്ള ബിജു പുളിക്കക്കണ്ടവും ഷൂട്ടിങ് കാണുവാൻ രഞ്ജിക്കും സുരേഷ് ഗോപിയോടുമൊപ്പം കൊച്ചിയിലെ ലൊക്കേഷനിലുണ്ട് .വിജയകുമാറിന് വേണ്ടി ലോറിയിൽ സ്പിരിറ്റ് കടത്തിയത്;എന്റെ പുണ്യാളച്ചാ അത് അപ്പച്ചനറിഞ്ഞോ എന്ന് തലയിൽ കൈവച്ച് ചോദിക്കുന്ന ഒരു രംഗമാണ് ഷൂട്ട്‌ ചെയ്യുന്നത് .തൊട്ടടുത്ത് പെങ്ങന്മാരായി അഭിനയിക്കുന്ന ശ്രീജയയും; രഹാനയും അതിശയഭാവത്തോടെ നിൽക്കുന്നു .അപ്പച്ചനായി അഭിനയിക്കുന്നത് എം ജി സോമനാണ് .

പാലാ പശ്ചാത്തലമായ സിനിമയിൽ എന്റെ പുണ്യാളച്ചാ എന്ന വിളി ബിജു പുളിക്കക്കണ്ടത്തിനു അത്ര പിടിച്ചില്ല.അപ്പോൾ ബിജുവും കൂട്ടുകാരും കപ്പയും പോത്ത് ഉലർത്തിയതും കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു .ഉള്ളിലുണ്ടായ ചിന്തനം രഞ്ജി പണിക്കരുമായുള്ള അടുപ്പം വച്ച് സങ്കോചത്തോടെ പറഞ്ഞു.തന്റെ അടുത്ത ബന്ധു കൂടിയാണല്ലോ രഞ്ജി പണിക്കർ .അപ്പോൾ പിന്നെ പിണക്കമൊന്നും പ്രതീക്ഷിക്കേണ്ടല്ലോ . പാലാ പശ്ചാത്തലമായുള്ള സിനിമയിൽ എന്റെ കുരിശുപള്ളി മാതാവേ എന്ന് പറയുന്നതാവും അഭികാമ്യം എന്ന് രഞ്ജി പണിക്കരോട് ബിജു പറഞ്ഞപ്പോൾ രഞ്ജി പണിക്കരുടെ മുഖം തെളിഞ്ഞു.അതുകണ്ടപ്പോൾ ബിജുവിന്റെയും മുഖം വികസിച്ചു.ഉടനെ സംവിധായകൻ ജോഷിയോടു രഞ്ജി സ്റ്റോപ്പ്… സ്റ്റോപ്പ് പറഞ്ഞു ഷൂട്ടിങ് നിർത്തിച്ചു .അന്നൊക്കെ ഇപ്പോളുള്ള ഡിജിറ്റൽ ഷൂട്ടിങ് അല്ലായിരുന്നു .

ഫിലിം റോൾ കറങ്ങുന്ന ശബ്ദം മാത്രം മുഴങ്ങിയ സമയത്ത് രഞ്ജി കാര്യം പറഞ്ഞു .ജോഷിയും അതിനനുകൂലമായി പറഞ്ഞപ്പോൾ പകുതി വിജയിച്ച സന്തോഷത്തിലായി ബിജു പുളിക്കക്കണ്ടവും .ക്യാമറ സ്റ്റാർട്ടാക്കാതെ അത് അവതരിപ്പിക്കുവാൻ ജോഷി ബിജുവിനോട് പറഞ്ഞു .എന്റെ കുരിശുപള്ളി മാതാവേ അപ്പച്ചനിത് അറിഞ്ഞോ എന്ന് തലയിൽ കൈവച്ചു കൊണ്ട് ബിജു പുളിക്കക്കണ്ടം അവതരിപ്പിച്ചപ്പോൾ ലൊക്കേഷനിലാകെ കൂട്ട കൈയ്യടി .കൈയ്യടിയിൽ രഞ്ജി പണിക്കരും ;ജോഷിയും പങ്കു ചേർന്നു.ചിത്രത്തിൽ പല പ്രാവശ്യം എന്റെ കുരിശുപള്ളി മാതാവേ എന്ന് സുരേഷ് ഗോപിയുടെ ചാക്കോച്ചി എന്ന കഥാ പത്രത്തെ കൊണ്ട് ബിജു പുളിക്കക്കണ്ടം പറയിക്കുന്നുണ്ട്.അതിനൊക്കെ യാതൊരു തടസ്സവും നിൽക്കാതെ തിരക്കഥാകൃത്ത് രഞ്ജി പണിക്കരും അനുഗുണമായ നിന്നു.

ലേലം സിനിമാ വൻ ഹിറ്റായതോടെ മലയാള സിനിമയിലെ എടുപ്പുള്ള നടന്മാരുടെ നിരയിലേക്ക് സുരേഷ് ഗോപിയും ഓടി കയറുകയായിരുന്നു.തുടർന്ന് പാലാ വഴി എപ്പോൾ യാത്ര ചെയ്താലും ചാക്കോച്ചി മാതാവിനെ കണ്ട് പ്രാർത്ഥിക്കും.കാവൽ;പാപ്പൻ;ഗരുഡൻ എന്നെ ചിത്രങ്ങളുടെ ഷൂട്ടിങ് വേളകളിലും പല തവണ ചാക്കോച്ചി കുരിശുപള്ളി മാതാവിനെ കണ്ടു പ്രാർത്ഥിച്ചു നേർച്ച കാഴ്ചകൾ സമർപ്പിക്കാറുണ്ട് .കുരിശുപള്ളി മാതാവിന്റെ ജൂബിലി തിരുന്നാളിന് ഏഴാം തീയതിയെത്തി നാരങ്ങാ മാല സമർപ്പിക്കാനായിരുന്നു തീരുമാനമെങ്കിലും അടിയന്തിരമായി ഡൽഹിക്കു പോവേണ്ടതുള്ളതു കൊണ്ട് തീരുമാനം മാറ്റി.ലദീഞ്ഞിനു ശേഷം കുരിശുപള്ളി മാതാവിന്റെ തിരുസവിധത്തിൽ എത്തിച്ചേരുകയായിരുന്നു .ഭാര്യ രാധികയും ഒപ്പമുണ്ടായിരുന്നു.കത്തീഡ്രൽ പള്ളി വികാരി ഫാദർ ജോസ് കാക്കല്ലിൽ മാതാവിന്റെ കൊന്ത നൽകി സ്വീകരിച്ചു .ജോഷി വട്ടക്കുന്നേൽ;ബേബിച്ചൻ എടേട്ട്;രാജേഷ് പാറയിൽ;രാജീവ് കൊച്ചുപറമ്പിൽ;ജോയി കളരിക്കൽ;മനോജ് മാത്യു പാലാക്കാരൻ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

മരിയ സ്നേഹം സുരേഷ് ഗോപിക്ക് ഇന്നും ഇന്നലെയും തുടങ്ങിയതല്ല കൊല്ലം തങ്കശേരി ഇൻഫാൻ ജീസസ് സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ കൊന്ത ചൊല്ലലും പ്രാർത്ഥനയും കൂടെ പിറപ്പാണ് വൈകുന്നേരങ്ങളിലും ;അതിരാവിലെയും ഉള്ള കൊന്ത ചൊല്ലൽ ജീവിതത്തിന്റെ തെളിച്ചമാണെന്നാണ് അദ്ദേഹം പറയുന്നത് .സമ്മാനമായി മാതാവിന്റെ രൂപം കിട്ടിയാൽ ഉടനെ അത് വെള്ള തുണിയിൽ പൊതിഞ്ഞു തന്റെ പൂജാമുറിയിൽ സൂക്ഷിക്കും .അത് സ്‌കൂളിൽ നിന്നും പകർന്നു കിട്ടിയ ശീലമാണ്.കുരിശുപള്ളി മാതാവിന്റെ ഭക്തനായ സുരേഷ് ഗോപി പാലായിലെത്തിയപ്പോൾ കെ എം മാണി സാറിന്റെ കരിങ്ങോഴക്കൽ ഭവനവും സന്ദർശിച്ചു.നിഷാ ജോസ് കെ മാണിയാണ് അവിടെ സുരേഷ് ഗോപിയെയും ഭാര്യ രാധികയെയും സ്വീകരിച്ചത് .മകളുടെ വിവാഹത്തിന് മുൻ‌കൂർ ആശംസയും നിഷ ജോസ് കെ മാണി ആശംസിച്ചു . നിഷാ ജോസ് കെ മാണിയുണ്ടാക്കിയ പലഹാരങ്ങളൊക്കെ രുചിച്ചിട്ടാണ് കരിങ്ങോഴക്കൽ ഭവനത്തിൽ നിന്നും ചാക്കോച്ചി ബിജു പുളിക്കക്കണ്ടത്തിന്റെ ഭവനത്തിലേക്ക് പോയത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →