അമിത ആത്മവിശ്വാസം തിരിച്ചടിയായി; തെലങ്കാനയില്‍ പൊള്ളലേറ്റ് ബി ആര്‍ എസ്

തെലങ്കാനയില്‍ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതി (ബി ആര്‍ എ സ്) ക്ക്‌ കനത്ത തിരിച്ചടി. വീണ്ടും വിജയം നേടി അധികാരത്തില്‍ തുടരാനാകുമെന്ന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ അമിത ആത്മവിശ്വാസമാണ് തകര്‍ന്ന് തരിപ്പണമായിരിക്കുന്നത്. തെലങ്കാന എങ്ങോട്ടാണെന്ന വ്യക്തമായ സൂചനകള്‍ ലഭിച്ചു തുടങ്ങി.

അവസാന വിവരം ലഭിക്കുമ്പോള്‍ സംസ്ഥാനത്ത് 65 സീറ്റുകളിലെ ലീഡുമായി ജൈത്രയാത്രയിലാണ് കോണ്‍ഗ്രസ്. ബി ആര്‍ എസിന് 42 സീറ്റില്‍ മാത്രമാണ് ലീഡുള്ളത്. ബി ജെ പി ഒമ്പത് സീറ്റില്‍ മുന്നേറുന്നു.
ട്രെന്‍ഡ് തുടരുകയാണെങ്കില്‍ രാജ്യത്ത് ഏറ്റവും പുതുതായി രൂപവത്കരിക്കപ്പെട്ട സംസ്ഥാനത്തിന്റെ അധികാരത്തില്‍ മറ്റൊരു പാര്‍ട്ടി വരും.
കെ ചന്ദ്രശേഖര റാവു രണ്ട് മണ്ഡലങ്ങളില്‍ ജനവിധി തേടുന്നുണ്ട്. ഗജ്വെലിലും കാമറെഡ്ഢിയിലും. ഇതില്‍ ഗാജ്വെലില്‍ മുന്നേറുന്ന അദ്ദേഹം പക്ഷെ, കാമറെഡ്ഢിയില്‍ പിന്നിലാണ്.കര്‍ഷകര്‍ക്കു ദളിതര്‍ക്കുമായുള്ള റിതു ബന്ധു, റിതു ബിമ പദ്ധതികള്‍, ദരിദ്രര്‍ക്കുള്ള ബി സി ബന്ധു പദ്ധതി, പാവപ്പെട്ടവര്‍ക്ക് വീട് വച്ചു നല്‍കുന്ന ഗൃഹലക്ഷ്മി ഉള്‍പ്പെടെയുള്ള ക്ഷേമ നടപടികള്‍ മുന്നോട്ടു വച്ചാണ് ഭരണകക്ഷിയായ ബി ആര്‍ എസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ ഇതൊന്നും പാര്‍ട്ടി ഉദ്ദേശിച്ച തരത്തില്‍ വോട്ടെടുപ്പില്‍ പ്രതിഫലിച്ചില്ലെന്നാണ് ഫലം തെളിയിക്കുന്നത്.
71.34 ശതമാനമായിരുന്നു നവംബര്‍ 30 ന് നടന്ന തിരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനം. 2018ലേതിനെക്കാള്‍ രണ്ട് ശതമാനം കുറവാണിത്. 88 സീറ്റുകളുടെ വന്‍ ഭൂരിപക്ഷവുമായാണ് 2018ലെ തിരഞ്ഞെടുപ്പില്‍ ബി ആര്‍ എസ് അധികാരത്തിലെത്തിയത്. രണ്ടാം സ്ഥാനത്തെത്തിയ കോണ്‍ഗ്രസിന് 19 സീറ്റ് മാത്രമാണ് ലഭിച്ചത്. അതേസമയം, തെലുഗുദേശം പാര്‍ട്ടിക്ക് രണ്ട് സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഓള്‍ ഇന്ത്യ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എ ഐ എം ഐ എം) പാര്‍ട്ടിക്ക് ഏഴ് സീറ്റ് ലഭിച്ചപ്പോള്‍ ഒരു സീറ്റ് മാത്രമാണ് ബി ജെ പിയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കപ്പെട്ടത്.

Share
അഭിപ്രായം എഴുതാം