ഉത്തരകാശി അപകടം; കുടുങ്ങി കിടക്കുന്നവരിലെത്താൻ ഇനി അഞ്ച് മീറ്റർ ദൂരം മാത്രം

ഉത്തരകാശി സില്‍ക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളിലെത്താൻ ഇനി അഞ്ച് മീറ്റർ ദൂരം മാത്രം. തുരങ്കത്തിനുള്ളിൽ പൈപ്പ് 52 മീറ്റർ കയറ്റിയതായി മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു. തൊഴിലാളികളെ ഉടൻ തന്നെ രക്ഷിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ദൗത്യ സംഘം. തൊഴിലാളികളെ പുറത്തെത്തിച്ചത് ഉടൻ തന്നെ ആശുപത്രികളിലേക്ക് മാറ്റാൻ ബന്ധുക്കൾക്ക് നിർദേശം നൽകി. വസ്ത്രങ്ങളുമായി കാത്തിരിക്കാനാണ് നിർദേശം.

ജാര്‍ഖണ്ഡില്‍ നിന്നുള്ള 15 പേര്‍, ഉത്തര്‍പ്രദേശില്‍ നിന്നുള്ള എട്ടുപേര്‍, ഒഡിഷ, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഞ്ചുപേര്‍ വീതം, പശ്ചിമബംഗാളില്‍ നിന്നുള്ള മൂന്നുപേര്‍, ഉത്തരാഖണ്ഡ്, ആസാം എന്നിവിടങ്ങളില്‍ നിന്നും രണ്ടുപേര്‍വീതം, ഹിമാചല്‍പ്രദേശില്‍ നിന്നുള്ള ഒരാള്‍ ഉള്‍പ്പെടെ 41 പേരാണ് കഴിഞ്ഞ രണ്ടാഴ്ചയായി തുരങ്കത്തില്‍ അകപ്പെട്ടിരിക്കുന്നത്.

ഇടയ്ക്ക് ഓഗർ മെഷീൻ കേടായതിനെ തുടർന്ന് രക്ഷാപ്രവർത്തനം തടസപ്പെട്ടെങ്കിലും ഉടൻ തന്നെ പുനരാരംഭിച്ചു. തൊഴിലാളികള്‍ക്ക് കുടുംബവുമായി ബന്ധപ്പെടാന്‍ ഒരു ലാന്‍ഡ്‌ലൈന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ബിഎസ്എന്‍എല്ലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഒരു ഹാന്‍ഡ്‌സെറ്റ് തൊഴിലാളികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഒരു ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് തന്നെ സജ്ജീകരിച്ചിരിക്കുകയാണ്

Share
അഭിപ്രായം എഴുതാം