ഏഷ്യാകപ്പ്:അവസാനപന്തില്‍ അങ്കം ജയിച്ച്ശ്രീലങ്ക ഫൈനലില്‍

കൊളംബോ: പാകിസ്താനെ അവസാന ഓവര്‍ ത്രില്ലറില്‍ കീഴടക്കി ശ്രീലങ്ക ഏഷ്യാകപ്പ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. അവസാന പന്ത് വരെ മുള്‍മുനയില്‍ നിര്‍ത്തിയ മത്സരത്തിലായിരുന്നു ശ്രീലങ്കയുടെ ജയം. സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ രണ്ടു വിക്കറ്റിനായിരുന്നു ശ്രീലങ്കയുടെ വിജയം. മഴകാരണം 42 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ഏഴു വിക്കറ്റിന് 252 റണ്ണെടുത്തു. ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ശ്രീലങ്കയ്ക്ക് വിജയലക്ഷ്യം 252 റണ്‍സ് തന്നെയായിരുന്നു. അവസാന ഓവറുകളില്‍ തുടരെ വിക്കറ്റുകള്‍ വീണെങ്കിലും സമ്മര്‍ദത്തെ അതിജീവിച്ച് അവസാന പന്തില്‍ രണ്ടു റണ്‍സെടുത്ത് ചരിത് അസലങ്ക ലങ്കയെ വിജയത്തിലേക്ക് നയിച്ചു.
പാകിസ്താനായി 73 പന്തില്‍ നിന്ന് 86 റണ്‍സ് എടുത്ത് പുറത്താകാതെ നിന്ന മുഹമ്മദ് റിസ്വാന്‍ ആണ് ടോപ് സ്‌കോറര്‍. 40 പന്തില്‍ നിന്ന് 47 റണ്‍സ് എടുത്ത ഇഫ്തിഖാര്‍ അഹ്മദും 52 റണ്‍സ് എടുത്ത ഷഫീഖും പാകിസ്താനെ മികച്ച സ്‌കോറിലേക്ക് എത്താന്‍ സഹായിച്ചു. ശ്രീലങ്കയ്ക്ക് ആയി മഹീഷ് പതിരണ മൂന്ന് വിക്കറ്റും മധുഷന്‍ 2 വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്ക മികച്ചരീതിയിലാണു തുടങ്ങിയത്. 29 റണ്‍സ് എടുത്ത് നിസാങ്കയും 17 റണ്‍സ് എടുത്ത കുശാല്‍ പെരേരയും ഭേദപ്പെട്ട തുടക്കം നല്‍കി. കുശാല്‍ മെന്‍ഡിസിന്റെയും സമരവിക്രമയുടെയും കൂട്ടുകെട്ട് ശ്രീലങ്കയെ ലക്ഷ്യത്തിലേക്ക് അടുപ്പിച്ചു. കുശാല്‍ മെന്‍ഡിസ് 87 പന്തില്‍ 91 റണ്‍സ് എടുത്താണ് പുറത്തായത്. സമരവിക്രമ 51 പന്തില്‍ നിന്ന് 48 എടുത്തും പുറത്തായി.
അസലങ്കയും ഷനകയ്ക്കും 5 ഓവറില്‍ 33 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്നു. 38-ാം ഓവറില്‍ ഷനകയുടെ വിക്കറ്റ് ഇഫ്തിഖാര്‍ വീഴ്ത്തി. ജയിക്കാന്‍ 4 ഓവറില്‍ 28 റണ്‍സ് എന്നായി. ഷഹീന്‍ അഫ്രീദി എറിഞ്ഞ 38-ം ഓവറില്‍ 8 റണ്‍സ് വന്നു. ജയിക്കന്‍ മൂന്ന് ഓവറില്‍ 20 റണ്‍സ്.
അസലങ്കയും ധനഞ്ജയ ഡി സില്‍വയും ചേര്‍ന്ന് സമാന്റെ ഓവറിലും എട്ടു റണ്‍സ് അടിച്ചു. പിന്നെ ജയിക്കാന്‍ 12 പന്തില്‍ നിന്ന് 12 റണ്‍സ്. 41-ാം ഓവര്‍ എറിയാന്‍ വന്നത് ഷഹീന്‍ അഫ്രീദി. ധനഞ്ജയെയും വെല്ലലാഗെയെയും തുടര്‍ച്ചയായ പന്തുകളില്‍ പുറത്താക്കി അഫ്രിദി പാകിസ്താനു വീണ്ടും മേല്‍ക്കൈ നല്‍കി. ആ ഓവറില്‍ വിട്ടുകൊടുത്തത് വെറും നാലു റണ്‍സ്. അവസാന ഓവറില്‍ ശ്രീലങ്കക്ക് ജയിക്കാന്‍ എട്ടു റണ്‍സ്.
അവസാന ഓവര്‍ എറിഞ്ഞത് സമാന്‍ ഖാന്‍. ആദ്യ പന്തില്‍ മധുഷന്‍ സിങ്കിള്‍ എടുത്തു. പിന്നെ കാര്യങ്ങള്‍ അസലങ്കയുടെ കയ്യില്‍. രണ്ടാം പന്ത് അസലങ്ക മിസ് ചെയ്തു. ജയിക്കാന്‍ 4 പന്തില്‍ 7 റണ്‍സ്. അടുത്ത പന്തില്‍ ഒരു റണ്‍ മാത്രം. മൂന്ന് പന്തില്‍ 6. അടുത്ത പന്തില്‍ മധുഷനു തൊടാനായില്ല. സ്‌ട്രൈക്കിംഗ് എന്‍ഡിലേക്കെത്താന്‍ അസലങ്ക ഇല്ലാത്ത റണ്ണിനോടി. മധുഷന്‍ റണ്ണൗട്ട്. രണ്ടു പന്തില്‍ നിന്ന് 6 റണ്‍ വേണ്ടപ്പോള്‍ എഡ്ജില്‍നിന്ന് പന്ത് തേര്‍ഡ്മാന്‍ ബൗണ്ടറിയില്‍. ജയിക്കാന്‍ ഒരു പന്തില്‍ നിന്ന് രണ്ടു റണ്‍. അസലങ്ക ലെഗ് സൈഡിലേക്ക് പന്ത് തട്ടി വിജയ റണ്‍ ഓടിയെടുത്തു. 49 റണ്‍സ് എടുത്ത് അസലങ്ക പുറത്താകാതെ വിജയം ഉറപ്പിച്ചു.
ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ശ്രീലങ്ക ഇന്ത്യയെ നേരിടും. ഇന്ത്യ അതിനു മുമ്പ് നാളെ സൂപ്പര്‍ 4ലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെ നേരിടും.

Share
അഭിപ്രായം എഴുതാം