മണിപ്പുരില്‍ സര്‍ക്കാര്‍ ഒരുവിഭാഗത്തിനൊപ്പം നിന്നു: എഡിറ്റേഴ്‌സ് ഗില്‍ഡ് റിപ്പോര്‍ട്ട്

കൊല്‍ക്കത്ത: മണിപ്പുര്‍ കലാപത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഏകപക്ഷീയമായി മെയ്‌തെയ് വിഭാഗത്തിനൊപ്പം നിന്നതായും ഇംഫാലിലെ പത്രങ്ങള്‍ ഒട്ടേറെ വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതായും എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ നിയോഗിച്ച വസ്തുതാന്വേഷണ സമിതി കണ്ടെത്തി. സംസ്ഥാനത്ത് ഇന്റര്‍നെറ്റ് നിരോധനം വിപരീതഫലമാണ് ഉണ്ടാക്കിയതെന്നും ഇംഫാലിലെ മാധ്യമങ്ങള്‍ കുക്കി വിരുദ്ധവികാരം സൃഷ്ടിച്ചതായും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നതു സംബന്ധിച്ച് ദിമാപുര്‍ ആസ്ഥാനമായ കരസേനയുടെ സ്പിയര്‍ കോര്‍, എഡിറ്റേഴ്‌സ് ഗില്‍ഡിന് കത്തെഴുതിയിരുന്നു. തുടര്‍ന്നാണു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സീമ ഗുഹ, സഞ്ജയ് കപൂര്‍, ഭരത് ഭൂഷണ്‍ എന്നിവരടങ്ങിയ മൂന്നംഗ സമിതിയെ എഡിറ്റേഴ്‌സ് ഗില്‍ഡ് നിയോഗിച്ചത്. കലാപത്തിനു മുന്‍പുതന്നെ കുക്കി ഗോത്ര വിരുദ്ധമായ നിലപാടുകളും പ്രസ്താവനകളും സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടായതായി സമിതി ചൂണ്ടിക്കാട്ടി. കുക്കികളെ അനധികൃത കുടിയേറ്റക്കാരെന്നും പോപ്പി കൃഷിക്കാരെന്നും മുദ്രകുത്തി കുക്കി വിരുദ്ധവികാരം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചു. ഹില്‍ ഏരിയ കമ്മിറ്റി ആക്ടിനു വിരുദ്ധമായി ഗോത്രമേഖലകളില്‍ സംരക്ഷിതവനങ്ങള്‍ പ്രഖ്യാപിക്കുകയും ഗോത്രവിഭാഗങ്ങളെ കുടിയിറക്കുകയും ചെയ്തു. ഇംഫാല്‍ താഴ്‌വരയില്‍ മാത്രം പ്രത്യേക സൈനികാധികാര നിയമം നീക്കി. കുക്കികളെ അസം റൈഫിള്‍സ് സഹായിക്കുകയാണെന്ന മണിപ്പുരിലെ മാധ്യമങ്ങളുടെ ആരോപണം തെറ്റാണെന്നും സമിതി പറഞ്ഞു. ചുരാചന്ദ്പുരില്‍നിന്നും മോറെയില്‍നിന്നും മെയ്‌തെയ്കളെ സുരക്ഷിതമായി മാറ്റിയത് അസം റൈഫിള്‍സ് ആണ്. കലാപത്തിന്റെ ആദ്യദിനങ്ങളില്‍ കുക്കി മേഖലകളില്‍ മെയ്‌തെയ് വിഭാഗക്കാരെ ശാരീരികമായി ആക്രമിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ മെയ്‌തെയ് വീടുകള്‍ കൊള്ളയടിക്കപ്പെടുകയും തീയിടുകയും ചെയ്തിട്ടുണ്ട്. ഇംഫാലിലെ മാധ്യമങ്ങള്‍ പൂര്‍ണമായും മെയ്‌തെയ് പക്ഷ മാധ്യമങ്ങളായി മാറി. ഈ മാധ്യമങ്ങളിലെ എഡിറ്റര്‍മാര്‍ പരസ്പരം ചര്‍ച്ച ചെയ്താണു വാര്‍ത്തകളുടെ രീതി തീരുമാനിക്കുന്നത്. പല വാര്‍ത്തകളും തമസ്‌കരിക്കുകയും ചെയ്യുന്നു. ഇന്റര്‍നെറ്റ് നിരോധനം മൂലം ഭൂരിപക്ഷത്തിനു ഹിതകരമായ വാര്‍ത്തകളാണ് ഏറെയും പ്രചരിച്ചത്. എന്നാല്‍ കുക്കി സ്ത്രീകളെ നഗ്‌നരായി നടത്തിയ സംഭവത്തിനുശേഷം കുക്കികള്‍ക്ക് അനുകൂലമായ വാര്‍ത്തകളും പുറത്തുനിന്നുള്ള മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചുതുടങ്ങി. മണിപ്പുര്‍ കമാന്‍ഡോകളും കലാപത്തില്‍ പങ്കാളികളായതായി ആക്ഷേപമുണ്ട്.
കലാപത്തിന്റെ ആദ്യദിനങ്ങളില്‍ ദേശീയ മാധ്യമങ്ങള്‍ വംശീയ കലാപത്തെ ഹിന്ദു-ക്രിസ്ത്യന്‍, ഗോത്ര-ഗോത്രഇതര, ഭൂരിപക്ഷ-ന്യൂനപക്ഷ കലാപമായി ഇതിനെ ചിത്രീകരിച്ചതായും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി.

Share
അഭിപ്രായം എഴുതാം