റെക്കോഡുകൾ ഭേദിച്ച് 500 കോടിയിൽ ‘ജയിലർ’

സകല കളക്ഷന്‍ റെക്കോര്‍ഡുകളും ഭേദിച്ച് കുതിപ്പ് തുടരുകയാണ് സൂപ്പർ സ്റ്റാർ രജനീകാന്തിന്‍റെ മാസ് ചിത്രം ജയിലര്‍. 9 ദിവസം കൊണ്ട് 500 കോടി രൂപയാണ് ഇതിനോടകം ആഗോള ബോക്സോഫീസില്‍ നിന്ന് ജയിലര്‍ കാരസ്ഥമാക്കിയത്. റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ 75 കോടി രൂപയാണ് ജയിലര്‍ നേടിയത്. ആദ്യ ആഴ്ച 375 കോടി രൂപ കളക്ഷന്‍ നേടിയെന്ന് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ തന്നെ പുറത്ത് വിട്ടിരുന്നു.

ഒരു തെന്നിന്തയന്‍ സിനിമയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണിത്. ഒരു തമിഴ് ചിത്രത്തിന് ലഭിക്കുന്ന എറ്റവും കൂടുതൽ ബോക്സ് ഓഫീസ് കളക്ഷന്‍നിൽ കേരളത്തിൽ രണ്ടാം സ്ഥാനത്താണ്. കമലഹാസന്‍റെ വിക്രമാണ് ഒന്നാമത്. കർണാടകയിലും അധികം വൈകാതെ എറ്റവും കൂടുതൽ കളക്ഷന്‍ നേടുന്ന ചിത്രമായി ജയിലർ മാറുമെന്നാണ് റിപ്പോർട്ട്. യുഎഇിയിൽ ഏറ്റവും കൂടുതൽ കളക്ഷന്‍ നേടിയ തമിഴ് ചിത്രമാണിത്. യുഎസ്, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലും രണ്ടാം സ്ഥാനത്താണ് ജയിലർ.

ഒടുവിലായി ഇറങ്ങിയ രജനി ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗ്രോസ്സ് കളക്ഷന്‍ നേടുന്ന ചിത്രമാണ് ജയിലര്‍. മോഹന്‍ലാലിന്‍റെയും കന്നട സൂപ്പര്‍ താരം ശിവരാജ് കുമാറിന്‍റെയും സാന്നിധ്യം ജയിലറിനു നല്‍കിയ മൈലേജ് ചെറുതൊന്നുമല്ല.

സൺ പിക്ചേഴ്സിന്‍റെ ബാനറിൽ കലാനിധിമാരൻ നിർമിച്ച ജയിലര്‍ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് നെല്‍സണ്‍ ദിലീപ് കുമാറാണ്. പ്രതിനായകനായെത്തുന്ന വിനായകന്‍റെ പ്രകടനവും വലിയ രീതിയിൽ പ്രശംസിക്കപ്പെട്ടിരുന്നു. ജാക്കി ഷിറോഫ് രമ്യാ കൃഷ്ണൻ, തമന്ന എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Share
അഭിപ്രായം എഴുതാം