കാസയുമായി സഭയ്ക്ക് ബന്ധമില്ല; ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് പ്രയോഗങ്ങളോട് യോജിപ്പില്ലെന്ന് ബിഷപ്പ് പാംബ്ലാനി

തലശ്ശേരി: ലൗ ജിഹാദ് , നാര്‍ക്കോട്ടിക് ജിഹാദ് തുടങ്ങിയ പ്രയോഗങ്ങളോട് കത്തോലിക്ക സഭയ്ക്ക് യോജിപ്പില്ലെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംബ്ലാനി. പെണ്‍കുട്ടികളെ മയക്കു മരുന്ന് നല്‍കിയും പ്രണയക്കുരുക്കില്‍ പെടുത്തിയും വശത്താക്കുന്ന ചില സംഘങ്ങള്‍ ഉണ്ടാകാം. എന്നാല്‍ അത് ഏതെങ്കിലും മതത്തിന്റെ പ്രശ്നമായി കാണുന്നില്ല. സമൂഹ മാധ്യമങ്ങളില്‍ തീവ്ര നിലപാട് സ്വീകരിക്കുന്ന കാസയുമായി സഭയ്ക്ക് ബന്ധമില്ലെന്നും സഭയ്ക്ക് ഇസ്ളാമോഫോബിയ ഇല്ലെന്നും പാംബ്ലാനി പറഞ്ഞു.

നേരത്തെ മണിപ്പൂരിലെ സംഘര്‍ഷത്തില്‍ രൂക്ഷമായ വിമര്‍ശനമാണ് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി നടത്തിയത്. കലാപം ക്രൈസ്ത ദേവാലയം ലക്ഷ്യമിട്ടാണ് എന്ന് ആരോപിച്ച ജോസഫ് പാംപ്ലാനി ഭരണ ഘടന തരുന്ന സ്വാതന്ത്ര്യം ഉറപ്പ് വരുത്തേണ്ടത് രാജ്യം ഭരിക്കുന്ന ആളുകളാണെന്നും കൂട്ടിച്ചേര്‍ത്തു. അതിൽ ഗുരുതര വീഴ്ച ഉണ്ടായി എന്നും കുറ്റപ്പെടുത്തിയിരുന്നു. 

റബ്ബർ വില കേന്ദ്ര സർക്കാർ 300 രൂപയാക്കി ഉയർത്തിയാൽ ബിജെപിയെ വോട്ട് ചെയ്ത് സഹായിക്കുമെന്ന ജോസഫ് പാംബ്ലാനിയുടെ പ്രഖ്യാപനം നേരത്തെ വിവാദമായിരുന്നു. കേരളത്തിൽ നിന്നും ബിജെപിയ്ക്ക് ഒരു എം പി പോലുമില്ലെന്ന വിഷമം കുടിയേറ്റ ജനത പരിഹരിച്ച് തരുമെന്ന പ്രസ്താവന വിവാദമായതിന് പിന്നാലെ പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണെന്നും ആരോടും അയിത്തമില്ലെന്നും ബിഷപ്പ് ആവർത്തിച്ചിരുന്നു. കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപത സംഘടിപ്പിച്ച കര്‍ഷക റാലിയിലായിരുന്നു ആർച്ച്‌ ബിഷപ്പിന്റെ പരാമര്‍ശം. 

Share
അഭിപ്രായം എഴുതാം