ഗർഭച്ഛിദ്രത്തിന് അനുമതി തേടി 17 കാരി : മനുസ്മൃതി വായിക്കാൻ ഉപദേശിച്ച് ഗുജറാത്ത് ഹൈക്കോടതി

ഗുജറാത്ത്: ഗർഭഛിദ്രത്തിന് അനുമതി തേടിയുള്ള 17 വയസുകാരിയുടെ ഹർജി പരിഗണിക്കവേ മനുസ്മൃതി വായിക്കാൻ ഉപദേശിച്ച് ഗുജറാത്ത് ഹൈക്കോടതി. ബലാത്സംഗത്തിന് ഇരയായി ഏഴ് മാസം ഗർഭം ധരിച്ച 17 വയസുകാരിയ്ക്ക് ഗർഭച്ഛിദ്രം നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. 2023 ആഗസ്റ്റ് 18ന് പ്രസവത്തിനുള്ള തിയതിയാണെന്നതിനാൽ ഇക്കാര്യത്തിൽ വളരെ വേഗം തീർപ്പുണ്ടാക്കണമെന്ന് പെൺകുട്ടിയ്ക്ക് വേണ്ടി ഹാജരായ സികണ്ടർ സെയ്ദ് കോടതിയോട് അപേക്ഷിച്ചു.

എന്നാൽ പെൺകുട്ടികൾ 14-15 വയസിനുള്ളിൽ വിവാഹം കഴിക്കുന്നതും 17 വയസിൽ പ്രസവിക്കുന്നതും സ്വാഭാവികമാണെന്നാണ് ഗുജറാത്ത് ഹൈക്കോടതിയുടെ പരാമർശം. 17 വയസിൽ ഗർഭിണിയാകുന്നത് പണ്ടൊക്കെ വളരെ സ്വാഭാവികമായ കാര്യമായിരുന്നെന്നും മനുസ്മൃതി വായിച്ചിട്ടില്ലെങ്കിൽ വായിക്കണമെന്നും കോടതി ഉപദേശിക്കുകയായിരുന്നു. ഹർജി പരിഗണിക്കുന്ന വേളയിലാണ് 17 വയസിൽ ഗർഭം ധരിക്കുന്നത് സ്വാഭാവികമാണെന്ന് ജസ്റ്റിസ് സമിർ ജെ ദാവേ നിരീക്ഷിച്ചത്.

ആൺകുട്ടികൾക്ക് മുമ്പ് പെൺകുട്ടികൾ പക്വത കൈവരിക്കുമെന്ന് കോടതി പറഞ്ഞു. പെൺകുട്ടിയെ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ രാജ് കൊട്ട് മെഡിക്കൽ സൂപ്രണ്ടിന് കോടതി നിർദേശം നൽകി. പെൺകുട്ടിക്കും ഗർഭസ്ഥ ശിശുവിനും പൂർണ്ണആരോഗ്യമുണ്ടെങ്കിൽ ഗർഭച്ഛിദ്രം നടത്താൻ അനുവദിക്കില്ലെന്നും കോടതി പറഞ്ഞു.

Share
അഭിപ്രായം എഴുതാം