അരിക്കൊമ്പൻ തമിഴ്നാട്ടിൽ ആക്രമണം തുടങ്ങിയതായി പരാതി : വനമേഖലയ്ക്കു സമീപം താമസിക്കുന്നവർ രാത്രി പുറത്തിറങ്ങരുതെന്നും രാത്രിയാത്ര ഒഴിവാക്കണമെന്നും തേനി ജില്ലാ ഭരണകൂടം

കുമളി: കേരളം ‘കാ‍ടുകടത്തിയ’ അരിക്കൊമ്പൻ തമിഴ്നാട്ടിൽ ആക്രമണം തുടങ്ങിയതായി നാട്ടുകാരുടെ പരാതി. തമിഴ്നാട്ടിലെ മേഘമലയ്ക്കു സമീപമുള്ള പത്തുകൂട് ഭാഗത്തെ ഏലത്തോട്ടത്തിൽ 2023 മെയ് 7 ഞായറാഴ്ച രാത്രി പന്ത്രണ്ടോടെ ആനയെത്തിയതായി തോട്ടം ജീവനക്കാരനായ കാർത്തിക് പറഞ്ഞു. കാർത്തിക്, ഇദ്ദേഹത്തിന്റെ ബന്ധു കോട്ട, കോട്ടയുടെ 11 വയസ്സുള്ള മകൻ എന്നിവരാണ് എസ്റ്റേറ്റ് ലയത്തിലെ 2 മുറികളിൽ താമസിച്ചിരുന്നത്. ‌ലയത്തിന് ആന കേടുപാടുകൾ വരുത്തിയതായി കാർത്തിക് പറയുന്നു.

എന്നാൽ,തമിഴ്നാട് വനം വകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി ഒൻപതോടെ ചിന്നമന്നൂർ – മേഘമല റോഡിൽ ഒരു ബസ് അരിക്കൊമ്പന്റെ മുന്നിൽപെട്ടെങ്കിലും ആന ബസിനുനേരെ തിരിഞ്ഞില്ല.

ഇതിനിടെ, മേഘമലയ്ക്കു സമീപം ഇരവിങ്കലാറിൽ നിന്ന് തമിഴ്നാട് വനം വകുപ്പ് പകർത്തിയ അരിക്കൊമ്പന്റെ ദൃശ്യങ്ങൾ അധികൃതർ പുറത്തുവിട്ടു. വനമേഖലയ്ക്കു സമീപം താമസിക്കുന്നവർ രാത്രി പുറത്തിറങ്ങരുതെന്നും. ആളുകൾ രാത്രിയാത്ര ഒഴിവാക്കണമെന്നും തേനി ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്. മേഘമലയിലേക്കുള്ള ബസ് സർവീസ് അരിക്കൊമ്പനെ പേടിച്ച് കഴിഞ്ഞ ദിവസം നിർത്തിവച്ചത് 08/05/23 തിങ്കളാഴ്ച പുനരാരംഭിച്ചു. എന്നാൽ, വിനോദസഞ്ചാരികൾക്കുള്ള വിലക്ക് പിൻവലിച്ചിട്ടില്ല.

Share
അഭിപ്രായം എഴുതാം