ദുരിതാശ്വാസ നിധി ദുർവിനിയോഗ കേസ്; നിർണായക ലോകായുക്ത വിധി കാത്ത് സർക്കാർ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗ കേസിൽ 31/03/23 വെള്ളിയാഴ്ച ലോകായുക്ത വിധി പറയും. കേസിൽ വാദം പൂർത്തിയായി ഒരു വർഷത്തിന് ശേഷമാണു വിധി വരുന്നത്. വിധി വൈകുന്നതിനെതിരെ ഹർജിക്കാരൻ ഹൈകോടതിയെ സമീപിച്ചിരുന്നു. ഹൈകോടതി 2023 ഏപ്രിൽ മൂന്നിലേക്ക് കേസ് മാറ്റിയിരിക്കുന്നതിനിടെയാണ് ലോകായുക്ത വിധി പറയാൻ തീരുമാനിച്ചത്.

മുഖ്യമന്ത്രിയെയും ഒന്നാം പിണറായി സർക്കാരിലെ 18 മന്ത്രിമാരേയും പ്രതിയാക്കിയായിരുന്നു ഹർജി. അന്തരിച്ച ചെങ്ങന്നൂർ മുൻ എം.എൽ എ കെ.കെ രാമചന്ദ്രന്റെയും അന്തരിച്ച എൻ.സി.പി നേതാവ് ഉഴവൂർ വിജയന്റെയും കുടുംബത്തിനും പണം നൽകിയതിന് എതിരെയായിരുന്നു പരാതി. മുഖ്യമന്ത്രിക്കെതിരെ ലോകായുക്ത എന്ത് വിധി പ്രസ്താവിക്കും ‌എന്നതാണ് നിർണ്ണായകം.

വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി പറയാത്തതിനാൽ പരാതിക്കാരനായ ആർ.എസ് ശശികുമാർ ഹൈക്കോടതിയെ സമീപിച്ചു. വിധി പ്രഖ്യാപിക്കാനായി ലോകായുക്തയ്ക്കു പരാതി നൽകാൻ നിർദേശിച്ച കോടതി, ഏപ്രിൽ മൂന്നിലേക്ക് കേസ് മാറ്റിയതിനിടെയാണ് ലോകായുകത കേസിൽ ഇന്ന് വിധി പറയാൻ തീരുമാനിച്ചത്. കേസിന്റെ വാദം നടക്കുന്നതിനിടെ ലോകായുക്തനിയമത്തിലെ പതിനാലാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ട് സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചത് വിവാദമായിരുന്നു. മുഖ്യമന്ത്രിക്കെതിരെയുള്ള വിധി മുന്നിൽ കണ്ടാണ് നീക്കമെന്നായിരുന്നു ആക്ഷേപം.

Share
അഭിപ്രായം എഴുതാം