കാസർകോഡ്: കേരളത്തില്‍ ഒരു മിഷന്‍ മോഡല്‍ പ്രവര്‍ത്തനമാണ് റവന്യു വകുപ്പ് നടത്തുന്നതെന്ന് മന്ത്രി കെ.രാജന്‍

എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് ഒരു മിഷന്‍ മോഡല്‍ പ്രവര്‍ത്തനമാണ് റവന്യു വകുപ്പ് നടത്തി വരുന്നതെന്ന് റവന്യൂ ഭവന നിര്‍മാണ മന്ത്രി കെ.രാജന്‍. തുരുത്തി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. റവന്യൂ വകുപ്പ് വകുപ്പുകളുടെ മാതാവാണ്. സേവനമാണ് വകുപ്പിന്റെ മുഖമുദ്ര. സങ്കീര്‍ണമായ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലും സുതാര്യവുമാക്കാന്‍ പ്രവൃത്തികള്‍ ഡിജിറ്റലാക്കി സ്മാര്‍ട്ടാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഭൂരഹിതരും ഭവനരഹിതരുമായ സാധരണക്കാരോടാണ് സര്‍ക്കാരിന് പക്ഷപാതം. എല്ലാ ഭൂരഹിതര്‍ക്കും ഭൂമി നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഭൂമി അര്‍ഹതപ്പെട്ട ഭൂരഹിതന് ഭൂമി നല്‍കാന്‍ തടസം നില്‍ക്കുന്ന മനുഷ്യ നിര്‍മിത നിയമങ്ങള്‍ മാറ്റി ഭൂമി നല്‍കും. അനധികൃതമായി ഭൂമി കൈവശം വച്ചവരില്‍ നിന്ന് പിടിച്ചെടുത്ത് അര്‍ഹര്‍ക്ക് നല്‍കും. ഈ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് ആകണമെന്നും മന്ത്രി പറഞ്ഞു.

എം.രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷനായി. എ.ഡി.എം എ.കെ.രമേന്ദ്രന്‍, ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ എന്‍.മണിരാജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, ചെറുവത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.വി.പ്രമീള, ജില്ലാ പഞ്ചായത്ത് അംഗം സി.ജെ.സജിത്ത്, ബ്ലോക്ക് പഞ്ചായത്തംഗം കെ.വല്ലി, ഗ്രാമപഞ്ചായത്തംഗം സി.കെ.റഹ്‌മത്ത് ടീച്ചര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കാഞ്ഞങ്ങാട് സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ് സ്വാഗതവും വില്ലേജ് ഓഫിസര്‍ കെ.സുരേഷ് നന്ദിയും പറഞ്ഞു.

Share
അഭിപ്രായം എഴുതാം