ഏഴ് മാസത്തിനിടെ സംസ്ഥാനത്ത് മൂന്ന് കമ്പനികളുടെ പാലിൽ മായം കണ്ടെത്തിയിട്ടുണ്ടെന്ന് ക്ഷീരവികസന വകുപ്പ്

തിരുവനന്തപുരം: ഏഴ് മാസത്തിനിടെ സംസ്ഥാനത്ത് വിൽപ്പനയ്ക്കെത്തിച്ച മൂന്ന് കമ്പനികളുടെ പാലിൽ മായം കണ്ടെത്തിയിട്ടുണ്ടെന്ന് ക്ഷീരവികസന വകുപ്പ്. പ്രമേഹത്തിന് കാരണമാകുന്ന മാൽട്ടൊഡെക്സ്ട്രിൻ, ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്ന യൂറിയ, ഹൈഡ്രജൻ ഫോറോക്സൈഡ് എന്നീ രാസപദാർത്ഥങ്ങളാണ് പാലിൽ കണ്ടെത്തിയിരിക്കുന്നത്.

2022 ജൂലൈ മുതൽ 2023 ഫെബ്രുവരി 10 വരെയുള്ള കാലയളവിൽ മനുഷ്യ ശരീരത്തിന് ഹാനികരമായ രാസപദാർത്ഥങ്ങൾ ഉൾപ്പെടെയുള്ള മായം കണ്ടെത്തിയ പാൽ വിൽപ്പനക്കെത്തിച്ചത് എം ആർ സി ഡയറി പ്രൊഡക്ട്സ്, കെവിൻ ടോൺട് മിൽക്ക്, അഗ്രോ സോഫ്റ്റ് എടപ്പൺ എന്നീ കമ്പനികൾ. പാലിൽ കണ്ടെത്തിയ രാസപദാർത്ഥങ്ങൾ – യൂറിയ, ഹൈഡ്രജൻ ഫോറോക്സൈഡ് എന്നിവ. ഒപ്പം കൊഴുപ്പ് കൂട്ടാൻ ഉപയോഗിക്കുന്ന മാൽട്ടൊഡെക്സ്ട്രിൻ എന്ന കാർബോഹൈഡ്രേറ്റും പാലിൽ അടങ്ങിയിരുന്നതായാണ് ക്ഷീര വികസന വകുപ്പിന്റെ പരിശോധന ഫലം. ഈ രാസപദാർത്ഥങ്ങൾ മനുഷ്യ ശരീരത്തിൽ ചെന്നാൽ ഉദര – വൃക്ക സംബന്ധമായ രോഗങ്ങൾ, പ്രമേഹം, അൾസർ, അലർജി, ദേഹാസ്വസ്ഥത എന്നിങ്ങനെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്.

എംആർസി ഡയറി പ്രോഡക്ട്സ്, അഗ്രോ സോഫ്റ്റ് എടപ്പൺ എന്നീ കമ്പനികളുടെ പാൽ ടാങ്കർ ലോറികളിലാണ് സംസ്ഥാനത്ത് എത്തിയത്. മായം കണ്ടെത്തിയ കമ്പനികൾക്കെതിരെ ക്ഷീരവികസന വകുപ്പിന് നടപടി സ്വീകരിക്കാൻ സാധിക്കില്ല. മായം ചേർത്തതായി കണ്ടെത്തിയ പാലിൻ്റെ വിവരങ്ങൾ ഭക്ഷ്യസുരക്ഷാ ലാബിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതായി ക്ഷീരവികസന വകുപ്പ് വ്യക്തമാക്കുന്നു. യൂറിയ അടങ്ങിയ പാൽ പിടികൂടിയത് പാലക്കാടും, ഹൈഡ്രജൻ ഫോറോക്സൈഡ് കണ്ടെത്തിയ പാൽ പിടികൂടിയത് ആര്യങ്കാവിൽ നിന്നുമാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പറയുന്നു. ഈ പാൽ നശിപ്പിച്ചതല്ലാതെ കൊണ്ടുവന്നവർക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പും മേൽ നടപടികൾ സ്വീകരിച്ചതായി വിവരമില്ല. അതേസമയം ഭക്ഷ്യസുരക്ഷാ വകുപ്പ് സ്വന്തം നിലയ്ക്ക് നടത്തിയ പരിശോധനയിൽ പാലിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന അഫ്ലാടോക്സിൻ എംഎൻ സാന്നിധ്യം കണ്ടെത്തിയിരുന്നു. സംഭവത്തിൽ ഉത്പാദകർക്കെതിരെ 25ഓളം കേസുകളും ഫയൽ ചെയ്തിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം