ന്യൂഡല്‍ഹി: വാരിസ് പഞ്ചാബ് ദേ തലവനും ഖലിസ്ഥാന്‍ വാദിയുമായ അമൃത്പാല്‍ സിങ് പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ഉപയോഗിച്ച ബൈക്ക് കണ്ടെത്തി. അമൃത്പാല്‍ സിങ്ങിനുവേണ്ടി നാടൊട്ടാകെ തെരച്ചില്‍ നടത്തുന്നതിനിടെയാണ് അമൃത്പാല്‍ സിങ് രക്ഷപ്പെടാന്‍ ഉപയോഗിച്ച ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജലന്ധര്‍ നഗരത്തില്‍നിന്ന് 45 കിലോമീറ്റര്‍ അകലെ ദാരാപൂര്‍ മേഖലയിലെ കനാലിനു സമീപം ഉപേക്ഷിച്ച നിലയിലാണു ബജാജ് പ്ലാറ്റിന ബൈക്ക് കണ്ടെത്തിയതെന്നു പോലീസ് അറിയിച്ചു. അതിനിടെ, ഇയാള്‍ ബൈക്കില്‍ രക്ഷപ്പെടുന്നതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പിങ്ക് ടര്‍ബനും കറുത്ത കണ്ണടയും ധരിച്ച് ബൈക്കിനു പിന്നിലിരിക്കുന്നതിന്റെ സി.സി. ടിവി ദൃശ്യങ്ങളാണു പുറത്തുവന്നത്. കഴിഞ്ഞ ദിവസം മാരുതി ബ്രെസയുടെ മുന്‍ സീറ്റിലിരുന്ന് അമൃത്പാല്‍ സിങ് ജലന്ധര്‍ ടോള്‍ പ്ലാസയിലൂടെ കടന്നുപോകുന്നതിന്റെ സി.സി. ടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
അമൃത്പാല്‍ സിങ്ങിനെ രക്ഷപ്പെടാന്‍ സഹായിച്ചതിന് നാലു പേരെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതുകൂടാതെ അമൃത്പാല്‍ സിങ് വേഷം മാറി രക്ഷപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ഏഴു രൂപത്തിലുള്ള ചിത്രങ്ങളും പോലീസ് പുറത്തുവിട്ടിരുന്നു.
അമൃത്പാല്‍ സിങ് രക്ഷപ്പെടാന്‍ ഉപയോഗിച്ച ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി
