പ്രീ ഇന്‍സ്റ്റാള്‍ഡ് ആപ്പുകള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കണം, കര്‍ശന വ്യവസ്ഥകളുമായി കേന്ദ്രം

ന്യൂഡല്‍ഹി: സുരക്ഷ കണക്കിലെടുത്ത് മൊബൈല്‍ ഫോണ്‍ നിര്‍മാണ രംഗത്ത് കര്‍ശന നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍. പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ത്തന്നെ പ്രീഇന്‍സ്റ്റാള്‍ഡ് ആയി ലഭിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പിന്നീട് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുന്നതാണെന്ന നിബന്ധന ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
മൊബൈല്‍ ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ലഭ്യമാക്കുന്ന പുതിയ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ കേന്ദ്രം നിര്‍ദേശിക്കുന്ന കമ്മിറ്റിക്കുമുന്‍പില്‍ നിര്‍ബന്ധമായും പരിശോധനയ്ക്കു വയ്ക്കണമെന്നും ഐടി മന്ത്രാലയം കൊണ്ടുവരുന്ന പുതിയ സുരക്ഷാ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ചാരവൃത്തി, ഡേറ്റ ദുരുപയോഗം എന്നിവയെക്കുറിച്ചുള്ള സുരക്ഷാ ആശങ്കകള്‍ക്കിടയിലാണ് ഐടി മന്ത്രാലയം ഈ പുതിയ നിയമങ്ങള്‍ പരിഗണിക്കുന്നതെന്നു മുതിര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

പുതിയ നിയമം സംബന്ധിച്ച വിശദാംശങ്ങള്‍ കേന്ദ്രം പുറത്തുവിട്ടിട്ടില്ല. എന്നാല്‍, പുതിയ നിബന്ധനകള്‍ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാര്‍ട്ട്ഫോണ്‍ വിപണിയായ ഇന്ത്യയില്‍ ഏറെ ചലനങ്ങളുണ്ടാക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മുന്‍നിര കമ്പനികളാണയ സാംസങ്, ഷഓമി, വിവോ, ആപ്പിള്‍ തുടങ്ങിയവയുടെ സ്മാര്‍ട്ട്ഫോണുകളില്‍ പ്രീഇന്‍സ്റ്റാള്‍ഡ് ആപ്ലിക്കേഷനുകള്‍ ഉണ്ട്. പ്രധാനമായും പരസ്യ താല്‍പ്പര്യം ഉള്‍പ്പെടെ മുന്‍നിര്‍ത്തിയാണ് ഇത്തരം ആപ്ലിക്കേഷനുകള്‍ പ്രീഇന്‍സ്റ്റാള്‍ഡ് ആയി ഫോണില്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍, ഇവ പിന്നീട് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയാത്തത് ഉപയോക്താക്കള്‍ക്ക് ഏറെ തലവേദന സൃഷ്ടിക്കാറുണ്ട്. പ്രീഇന്‍സ്റ്റാള്‍ഡ് ആയി ലഭിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഒഴിവാക്കാന്‍ കഴിയുന്നതരത്തിലേക്കു മാറ്റുന്നത് നിര്‍മാതാക്കള്‍ക്കു കനത്ത തിരിച്ചടിയായിരിക്കും. പ്രീ ഇന്‍സ്റ്റാള്‍ഡ് ആപ്പുകള്‍ വലിയ സുരക്ഷാ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇത് ദേശസുരക്ഷയെ ബാധിക്കുന്ന പ്രശ്നമാണെന്നും ചൈന ഉള്‍പ്പെടെ ഒരു രാജ്യവും അതു ചൂഷണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം