തെലങ്കാന പിടിക്കാന്‍ ബി.ജെ.പിയുടെ വമ്പന്‍ മുന്നൊരുക്കം

ഹൈദരാബാദ്: ഈവര്‍ഷം ഒടുവില്‍ നിയമസഭാ തെരെഞ്ഞടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയില്‍ വമ്പന്‍ പ്രചാരണപദ്ധതിയുമായി ബി.ജെ.പിയുടെ മുന്നൊരുക്കം. നിയമസഭാ തെരെഞ്ഞടുപ്പ് നേരത്തേ നടത്താന്‍ കെ. ചന്ദ്രശേഖര്‍ റാവു സര്‍ക്കാര്‍ ശിപാര്‍ശ ചെയ്‌തേക്കുമെന്ന അഭ്യൂഹത്തിന്റെ അടിസ്ഥാനത്തില്‍ക്കൂടിയാണു ബി.ജെ.പി. നീക്കങ്ങള്‍. അടുത്തമാസം 119 നിയമസഭാമണ്ഡലങ്ങളിലും റാലികള്‍ നടത്താന്‍ ബി.ജെ.പി. ദേശീയാധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ വസതിയില്‍ ചേര്‍ന്ന മുതിര്‍ന്നേനതാക്കളുടെ യോഗം തീരുമാനിച്ചു. സംസ്ഥാനത്തുടനീളം 11,000 തെരുവുയോഗങ്ങളും സംഘടിപ്പിക്കും. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ്, സ്മൃതി ഇറാനി എന്നിവര്‍ 10 റാലികളില്‍ പങ്കെടുക്കും. ‘പ്രജാ ഗോസാ, ബി.ജെ.പി. ഭരോസാ’ എന്ന പേരിലുള്ള പ്രചാരണപരിപാടിയുടെ സമാപന റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തന്നെ കളത്തിലിറക്കും. ഡല്‍ഹിയില്‍ നഡ്ഡയുടെ വസതിയില്‍ നടന്ന യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറിമാരായ തരുണ്‍ ചുഗ്, സുനില്‍ ബന്‍സാല്‍, പാര്‍ട്ടി തെലങ്കാന അധ്യക്ഷന്‍ ബന്ദി സഞ്ജയ് എന്നിവര്‍ പങ്കെടുത്തു.

തെലങ്കാനയില്‍ ഭരണകക്ഷിയായ ബി.ആര്‍.എസിന്റെ പ്രധാന എതിരാളിയായി വളരുക എന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി. മുന്നേറുന്നത്. ദക്ഷിണേന്ത്യയില്‍ കര്‍ണാടകയ്ക്കുശേഷം പാര്‍ട്ടി ഏറ്റവുമധികം പ്രതീക്ഷ അര്‍പ്പിക്കുന്ന സംസ്ഥാനം തെലങ്കാനയാണ്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ബി.ജെ.പി. ദേശീയ എക്‌സിക്യൂട്ടീവിന് വേദിയായത് ഹൈദരാബാദായിരുന്നു. ഇതില്‍നിന്നു തന്നെ സംസ്ഥാനത്ത് ചുവടുറപ്പിക്കാന്‍ ബി.ജെ.പി. നടത്തുന്ന ശ്രമങ്ങള്‍ വ്യക്തമാണ്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, ദക്ഷിണേന്ത്യയില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനാണ് ബി.ജെ.പി. ലക്ഷ്യമിടുന്നത്, തെലങ്കാനയില്‍ സ്വാധീനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളും അതിന്റെ ഭാഗമാണ്. 17 ലോക്‌സഭാ സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ നാല് സീറ്റുകള്‍ മാത്രമാണ് ബി.ജെ.പിക്ക് നേടാനായത്. ഇത്തവണ ഈ മേഖലയില്‍ വലിയ നേട്ടമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി.

Share
അഭിപ്രായം എഴുതാം