കിടപ്പാടത്തിനായി കിഡ്‌നിയും കണ്ണും വില്‍പ്പനയ്ക്ക് വച്ച് ഗൃഹനാഥന്‍

തൊടുപുഴ: തല ചായ്ക്കാനൊരു വീടിനു വേണ്ടി കണ്ണും കിഡ്‌നിയും വില്പനയ്ക്കു വെച്ചിരിക്കുകയാണ് തൊടുപുഴ മുട്ടത്തിന് സമീപം ഒരു വഴിയോര കച്ചവടക്കാരന്‍. തൊടുപുഴ കരിങ്കുന്നം സ്വദേശി എന്‍.കെ. മധു എന്ന സര്‍ബത്ത് കച്ചവടക്കാരനാണ് വൃക്കയും കണ്ണും വില്‍പനയ്ക്ക് എന്ന ബോര്‍ഡ് ഉന്തുവണ്ടിയില്‍ തൂക്കിയത്.
ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങള്‍ക്കിടയില്‍ സാധാരണക്കാരന്‍ നട്ടം തിരിയുന്നതിന്റെ ഉദാഹരണങ്ങളില്‍ ഒന്നാണ് മധുവിന്റെ ജീവിതം. തൊടുപുഴ – പുളിയന്മല സംസ്ഥാന പാതയോരത്ത് ഉന്തുവണ്ടിയില്‍ സര്‍ബത്തിനൊപ്പം കണ്ണും കിഡ്‌നിയും വില്‍പ്പനയ്ക്കു വച്ചിരിക്കുന്ന മധുവിന്റെ ചോദ്യങ്ങള്‍ ഉള്ളു പൊള്ളിക്കും.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് മധുവിനും കുടുംബത്തിനും കരിങ്കുന്നം പ്ലാന്റേഷനില്‍ ഭൂമി അനുവദിച്ചിരുന്നു. അന്നുമുതല്‍ ഭൂമിക്കു കരം അടയ്ക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ, സ്ഥലം അളന്നു തിരിച്ചു കിട്ടുന്നതിന് കഴിഞ്ഞ 10 വര്‍ഷമായി വിവിധ ഓഫീസുകളില്‍ കയറിയിറങ്ങി. എന്നാല്‍ യാതൊരു നടപടിയും ആയിട്ടില്ല. ഇന്ത്യയിലെ നിയമപ്രകാരം അവയവ കച്ചവടം നിരോധിച്ചിട്ടുണ്ടെങ്കിലും നിലപാടില്‍ നിന്നു പിന്നോട്ട് ഇല്ലെന്ന് മധു പറയുന്നു. നിലവില്‍ വാടക വീട്ടിലാണ് മധുവും ഭാര്യ ആലീസും താമസിക്കുന്നത്. ലൈഫ് പദ്ധതിയിലൂടെ പണം കിട്ടി വീട് പണിയണമെന്നായിരുന്നു ഇരുവരുടെയും സ്വപ്‌നം. പക്ഷേ, അതും നടന്നില്ല. കിഡ്‌നിയും കണ്ണും പരസ്യമായി വില്‍ക്കാന്‍ വച്ചിരിക്കുന്നതു കണ്ട് പോലീസും വിജിലന്‍സും രാഷ്ട്രീയ പ്രമുഖരും പരസ്യപ്പലക നീക്കം ചെയ്യിക്കാന്‍ വന്നിരുന്നു. എന്നാല്‍ മധുവിന്റെ അവസ്ഥ അറിഞ്ഞതോടെ ഇവരും പിന്‍വാങ്ങി. മരിക്കുന്നതിനു മുന്‍പ് കയറിക്കിടക്കാന്‍ സ്വന്തമായി അടച്ചുറപ്പുള്ളൊരു വീട് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ വഴിയോര കച്ചവടക്കാരന്‍.

Share
അഭിപ്രായം എഴുതാം