സംഗീത കൊലക്കേസ് : സംഗീതയെ പിന്നിൽ നിന്ന് രണ്ട് തവണ കഴുത്തറുത്താണ് കൊന്നതെന്ന് പ്രതി ഗോപു പോലീസിനോട്

വർക്കല: വടശ്ശേരിക്കോണം സംഗീത കൊലക്കേസിൽ പ്രതി ഗോപുവുമായി തെളിവെടുപ്പ് നടത്തി അന്വേഷണസംഘം. വായ പൊത്തി നിലത്തിരുത്തിയ ശേഷം സംഗീതയെ പിന്നിൽ നിന്ന് രണ്ട് തവണ കഴുത്തറുത്താണ് കൊന്നതെന്ന് ഗോപു തെളിവെടുപ്പിനിടെ പറഞ്ഞു. അവസാന നിമിഷം വരെ താൻ ഉപദ്രവിക്കുമെന്ന് സംഗീത കരുതിയില്ലെന്നും അന്വേഷണസംഘത്തോട് ഗോപു വിശദീകരിച്ചു.

2022 ഡിസംബർ 28ന് പുലർച്ചെയാണ് പ്രണയത്തിൽ നിന്ന് പിന്മാറിയതിന്റെ പകയിൽ ഗോപു സംഗീതയെ കഴുത്തറുത്ത് കൊന്നത്. അതിന് ശേഷം പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്താൻ അന്വേഷണസംഘം ശ്രമിച്ചെങ്കിലും പ്രതിക്കെതിരെ ജനരോഷം ഭയന്ന് പിന്മാറി. ഒടുവിൽ കനത്ത പൊലീസ് കാവലിലായിരുന്നു തെളിവെടുപ്പ്. യാതൊരു ഭയവും പതർച്ചയുമില്ലാതെ ഗോപു കൊല നടത്തിയ രീതി അന്വേഷണസംഘത്തോട് വിശദീകരിച്ചു.

കൊലപാതകത്തിന് ഉപയോഗിച്ച കത്തി പള്ളിക്കലുള്ള കടയിൽ നിന്നും വാങ്ങി നൽകിയത് തന്റെ സുഹൃത്തായിരുന്നു എന്നാൽ താൻ കൊലപാതകം നടത്തുന്നതിനെക്കുറിച്ച് സുഹൃത്തിന് അറിവില്ലായിരുന്നു. കൃത്യം നടത്തിയ രാത്രി വർക്കലയിൽ ഉത്സവത്തിനായി പോകുന്നു എന്ന് മാത്രമാണ് സുഹൃത്തിനോട് പറഞ്ഞത്. വ്യാജ ഫേസ്ബുക്ക് ഐഡിയിലൂടെയാണ് സംഗീതയ്ക്ക് ഗോപു മരണക്കെണിയൊരുക്കിയത്. ഒടുവിൽ വീട്ടിൽ നിന്ന് വിളിച്ചിറക്കി അർദ്ധരാത്രിയിലായിരുന്നു കൊലപാതകം. പള്ളിക്കലുള്ള ഗോപുവിൻറെ വീട്ടിലും പൊലീസ് പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഉച്ചയോടെ വർക്കല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഗോപുവിനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു

Share
അഭിപ്രായം എഴുതാം