കാറില്‍ കൂട്ടബലാത്സംഗം; ആരോപണം ആവര്‍ത്തിച്ച് അതിജീവിത; മോഡല്‍ ചോദ്യംചെയ്യലിന് ഹാജരായി

കൊച്ചി: ഓടിക്കൊണ്ടിരുന്ന കാറില്‍ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അതിജീവിതയായ പെണ്‍കുട്ടി ചോദ്യംചെയ്യലിനു ഹാജരായി.
പത്തു തവണയിലേറെ വിളിപ്പിച്ച ശേഷമാണു പത്തൊന്‍പതുകാരിയായ മോഡല്‍ കഴിഞ്ഞദിവസം പോലീസ് മുമ്പാകെ എത്തിയത്. മൂന്നു യുവാക്കള്‍ക്കെതിരേ പരാതിയില്‍ പറയുന്ന ആരോപണങ്ങള്‍ പെണ്‍കുട്ടി ആവര്‍ത്തിച്ചു.
അതേസമയം, ബാറില്‍ ബിയറില്‍ മയക്കുമരുന്നു കലര്‍ത്തി നല്‍കിയെന്ന മോഡലിന്റെ ആരോപണം തെളിയിക്കുന്ന പരിശോധനാഫലം ലഭിച്ചിട്ടില്ല. 24 മണിക്കൂര്‍ പിന്നിട്ടതിനാല്‍, മയക്കുമരുന്ന് സാന്നിധ്യം തെളിയാന്‍ പ്രയാസമായതാണു കാരണം. യുവതി തന്റെ ആരോപണം വിചാരണവേളയില്‍ ആവര്‍ത്തിക്കുമോ എന്നു വ്യക്തമല്ലെന്നാണു പോലീസിന്റെ ആശങ്ക.

പെണ്‍കുട്ടിയുടെ രക്തപരിശോധനാ റിപ്പോര്‍ട്ടിന്റെ ഫലം കൂടി ലഭിക്കാനുണ്ട്. അതു ലഭിച്ചശേഷം ഈ മാസം കുറ്റപത്രം സമര്‍പ്പിക്കുമെന്നു പോലീസ് പറഞ്ഞു. മൂന്നു യുവാക്കള്‍ പ്രതിയായ കേസില്‍ മുപ്പതില്‍പരം സാക്ഷികളുണ്ട്.
സുഹൃത്തായ രാജസ്ഥാനി യുവതിക്കൊപ്പം ഹോട്ടലിലെത്തിയ തനിയ്ക്കു ബിയറില്‍ മയക്കുമരുന്നു നല്‍കിയശേഷം കാറില്‍ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണു യുവതി നല്‍കിയ പരാതി. പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണു കാറില്‍ കയറ്റിയതെന്നാണു പ്രതികളും കൊടുങ്ങല്ലൂര്‍ സ്വദേശികളുമായ യുവാക്കള്‍ നല്‍കിയ മൊഴി. പിന്നീടു കാക്കനാട് പെണ്‍കുട്ടിയുടെ താമസസ്ഥലത്തു ഇറക്കിവിട്ടു. അവിടെവച്ചു പണത്തെചൊല്ലി തര്‍ക്കമുണ്ടായെന്നും അതാണു പരാതിയ്ക്കു പിന്നിലെന്നുമാണു യുവാക്കള്‍ പറയുന്നത്.

മോഡലിംഗിന്റെ മറവില്‍ പെണ്‍കുട്ടികളെ എത്തിക്കുകയും പിന്നീട് ഡി.ജെ. പാര്‍ട്ടികളിലും മറ്റും പങ്കെടുപ്പിച്ചു ലഹരിമരുന്നു നല്‍കി ആവശ്യക്കാര്‍ക്കു കൈമാറുകയുമാണത്രേ റാക്കറ്റുകളുടെ രീതി. പെണ്‍കുട്ടിയും മോഡലിംഗിന് വേണ്ടിയാണു കൊച്ചിയിലെത്തിയത്. രാജസ്ഥാനി സ്വദേശിനിയായ ഡിംപിള്‍ ആണു പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചു ഡി.ജെ. പാര്‍ട്ടിയില്‍ എത്തിച്ചത്. തുടര്‍ന്നു ബിയറില്‍ ലഹരിമരുന്നു കലക്കി മയക്കുകയും ആവശ്യക്കാരായ യുവാക്കളുടെ കാറില്‍ കയറ്റി വിട്ടുവെന്നുമാണു പെണ്‍കുട്ടിയുടെ പരാതി. ഡിംപിളിന്റെ മൊെബെല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നു നിരവധി തവണ ഇത്തരം ഡി.ജെ. പാര്‍ട്ടികളില്‍ പങ്കെടുത്തതായും കൂട്ടബലാത്സംഗക്കേസിലെ പ്രതിയായ യുവാവുമായി നേരത്തെയും യാത്രകള്‍ നടത്തിയതായും തെളിഞ്ഞിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം